പല കാന്‍സറുകളുടെയും ഒരു പ്രധാന ലക്ഷണമാണ് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുര്‍ബലമാക്കുകയും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നു. കാഷെക്സിയ കാന്‍സര്‍ രോഗികളെ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോഴിതാ കാഷെക്സിയയുടെ മൂലകാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല കാന്‍സര്‍ രോഗികളിലും ശരീരഭാരം ഗണ്യമായി കുറയാന്‍ കാരണമെന്ന് ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ഗുരുതര രോഗാവസ്ഥയാണ് കാഷെക്സിയ. മൂന്നിലൊന്ന് കാന്‍സര്‍ രോഗികളിലും കാഷെക്സിയ ഉണ്ടാകാറുണ്ട്. കൂടാതെ പാന്‍ക്രിയാറ്റിക്, ശ്വാസകോശ അര്‍ബുദം പോലുള്ള അര്‍ബുദങ്ങളില്‍ ഇത് വളരെ സാധാരണമാണ്. ഈ അവസ്ഥ രോഗികളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചികിത്സയോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സാധ്യത വര്‍ധിപ്പിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ മൂലമുണ്ടാകുന്ന വീക്കം തലച്ചോറില്‍ നിന്നുള്ള വാഗസ് നാഡിയിലൂടെ അയയ്ക്കുന്ന സിഗ്നലുകളെ ക്രമരഹിതമാക്കും. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതില്‍ വാഗസ് നാഡി പ്രധാന പങ്ക് വഹിക്കുന്നു. വാഗസ് നാഡി ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ അത് കരളിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും കാഷെക്സിയ എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഇസ്രായേലിലെ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി എംഡി ആന്ഡേഴ്സണ് കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നു.
കാന്‍സറുകളുടെ പ്രധാന ലക്ഷണമായ ‘കാഷെക്സിയ’
