ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പ് ഇന്‍ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ പ്രവാഹം യുദ്ധത്തിന് മുന്‍പുള്ളതിന്റെ 45 ശതമാനത്തില്‍ താഴെയായി കുറഞ്ഞതുമാണ് ഇന്ധനവില വീണ്ടും ഉയരാന്‍ കാരണമായത്. എങ്കിലും, പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ കുറയുമെന്ന പ്രതീക്ഷയില്‍ നാലാം പാദത്തില്‍ ബാരലിന് 80 ഡോളറും അടുത്ത വര്‍ഷം 75 ഡോളറുമാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അടിസ്ഥാന പ്രവചനം. നേരത്തെ ഏപ്രിലില്‍ സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ വില 126 ഡോളര്‍ കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സാമ്പത്തിക ഭീഷണിയാണ് സൃഷ്ടിക്കുക.
