ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. എതിരാളികളായ ഓപ്പണ്‍ എ.ഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എ.ഐ സ്റ്റാര്‍ട്ടപ്പ് എന്ന പദവി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കിന്റെ ഈ നീക്കം. പ്രഥമ ഓഹരി വില്‍പ്പനക്കുള്ള നടപടിക്രമങ്ങള്‍ അതീവ രഹസ്യമായാണ് കമ്പനി പൂര്‍ത്തിയാക്കിയത്. സമീപകാലത്ത് ഒരു സാങ്കേതികവിദ്യാ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനമായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഗോള ടെക് ഭീമന്മാരായ ആമസോണും ഗൂഗിളും വന്‍തോതിലാണ് ആന്ത്രോപിക്കില് നിക്ഷേപം നടത്തിയിട്ടുള്ളത്. പ്രമുഖ ടെക് നിക്ഷേപകര്‍ അടുത്തിടെ കമ്പനിയില്‍ വന്‍തോതില്‍ പണം ഇറക്കിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടില്‍ 6,500 കോടി ഡോളര്‍ കൂടി സമാഹരിച്ചതോടെ ആന്ത്രോപിക്കിന്റെ ആകെ വിപണി മൂല്യം 96,500 കോടി ഡോളറായി കുതിച്ചുയര്‍ന്നു.
