അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് യു.പി.ഐ.യെ ശക്തമാക്കാന്‍ നടപടികളുമായി എന്‍.പി.സി.ഐ. ഇതിന്റെ ഭാഗമായി യു.പി.ഐ. വഴി വിദേശത്തേക്കുള്ള തത്സമയ വിദേശ വിനിമയ ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോര്‍ഗന്‍ പേമെന്റ്‌സ് എന്നിവയുമായി ധാരണയിലെത്തി. ഇന്ത്യക്കു പുറത്തേക്ക് വിദേശ കറന്‍സിയില്‍ വിനിമയം നടത്തുമ്പോള്‍ തത്സമയ വിനിമയമൂല്യമനുസരിച്ച് വേഗത്തില്‍ സുതാര്യമായി ഇടപാടു പൂര്‍ത്തിയാകാനാകുമെന്നതാണ് ഇതിന്റെ നേട്ടം. അതുകൊണ്ടുതന്നെ ഇടപാടു പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ എത്ര തുക അവിടെ ലഭിക്കുമെന്ന് ഉപഭോക്താവിന് നേരത്തേതന്നെ അറിയാനാകും. അന്താരാഷ്ട്ര വ്യാപാരികള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രാദേശിക കറന്‍സിയില്‍തന്നെ പണം ലഭിക്കുകയും ചെയ്യും. ഈ ധാരണയിലൂടെ 24 മണിക്കൂറും ഇടപാടുകള്‍ നടത്താനും അവസരമൊരുങ്ങും. പുതുതായി ഗ്രീസില്‍ യു.പി.ഐ. സേവനം ലഭ്യമായി തുടങ്ങി. ഇതോടെ യു.പി.ഐ. ലഭ്യമാകുന്ന വിദേശ രാജ്യങ്ങളുടെ എണ്ണം പത്തായി.
യുപിഐ ശക്തമാക്കാന്‍ പുതിയ കമ്പനികളുമായി ധാരണയായി
