ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്. ഏപ്രില്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഡീയസ് ഈറേ’ എന്ന വിചിത്രമായ പേരാണ് ചിത്രത്തിന്. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഭ്രമയുഗം സംവിധായകന്റെ ഹൊറര്‍ ഫ്രെയ്മില് പ്രണവ് മോഹന്‍ലാല്‍ വരുന്നു എന്നതാണ് ചിത്രത്തിന്റെ യുഎസ്പി. പ്രണവ് അഭിനയിക്കുന്ന ആദ്യ ഹൊറര്‍ ചിത്രവും ആണ് ഇത്. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നതിനായി രൂപം കൊണ്ട ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. 2025 ന്റെ അവസാന പാദത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം.
ഭ്രമയുഗത്തിന് ശേഷം ‘ഡീയസ് ഈറേ’ എത്തുന്നു
