നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പന്റെ ഭിന്നശേഷിക്കാരായ മകൾ ഗ്രേഷ്മയുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശമായി. 26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ് എന്നാൽ വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് പലവിധ സാങ്കേതിക പ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു. ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാൽ മറ്റു ജോലികൾക്കു പോകാനും ബുദ്ധിമുട്ടുണ്ടെന്നും പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതു വലിയ ആശ്വാസവുമായിരുന്നുവെന്നും പുഷ്പൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പരാതി കേട്ട ശേഷം പെൻഷൻ തുടർ നടപടിക്കായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.
ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശം
