അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നല്കിയിരുന്നു.