വാട്സ്ആപ്പില്‍ ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ചാറ്റുകള്‍ പിന് ചെയ്തുവെക്കാനുള്ള സൗകര്യം. നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളും ചാറ്റുകളും വാട്സ്ആപ്പിന്റെ ഹോം പേജില്‍ പിന് ചെയ്യാം. ഇപ്പോള്‍ പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന് ചെയ്യാന്‍ കഴിയുക. സമീപകാലത്തായിരുന്നു വാട്സ്ആപ്പ് ചാറ്റിനുള്ളില്‍ സന്ദേശങ്ങള്‍ പിന് ചെയ്തുവെക്കാനുള്ള ഫീച്ചര്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഒരു സന്ദേശം മാത്രം പിന് ചെയ്യാനുള്ള ഓപ്ഷന് മാത്രമായിരുന്നു നല്‍കിയിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇത്തരത്തില്‍ പിന് ചെയ്തുവെക്കാം. ഗ്രൂപ്പ് ചാറ്റിലും വ്യക്തിഗത ചാറ്റുകളിലും പിന് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇപ്പോഴിതാ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന് ചെയ്തുവെക്കാനുള്ള ഫീച്ചറും കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഒരു ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങള്‍ക്കും പിന് ചെയ്തുവെച്ച ചാറ്റുകള്‍ കാണാന്‍ സാധിക്കും. എന്തെങ്കിലും സുപ്രധാന അറിയിപ്പുകള് പിന് ചെയ്തുവെച്ചാല്‍ അവ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. എങ്ങനെ പിന് ചെയ്യാം..? വളരെ എളുപ്പത്തില്‍ നമുക്ക് ഒരു ചാറ്റ് പിന് ചെയ്യാം. ഇതിനായി പിന് ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്പനേരം പ്രസ് ചെയ്തുപിടിക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന് തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന് ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെ സമയപരിധിയും നിശ്ചയിക്കാം. എന്നാല്‍, ഏത് സമയം വേണമെങ്കിലും നമുക്ക് ചാറ്റുകള്‍ അണ് പിന് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.