രാജ്യത്ത് എ.ടി.എമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 5.51 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള ശരാശരി പിന്‍വലിക്കല്‍ 1.35 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ അത് 1.43 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന്റെ പ്രതിമാസ ശരാശരി വളര്‍ച്ചാനിരക്ക് 7.23 ശതമാനമായിരുന്നു. 2023-24ലെ 12 മാസങ്ങളില്‍ നിരക്ക് പത്തിലും മുകളിലായിരുന്നു. എ.ടി.എം പണം പിന്‍വലിക്കലില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയുടെ വാര്‍ഷിക ശരാശരി പണം പിന്‍വലിക്കല്‍ 1.83 കോടി രൂപയാണ്. 1.82 കോടി രൂപയുമായി ഡല്‍ഹി രണ്ടാമതും 1.62 കോടി രൂപയുമായി ബംഗാള്‍ മൂന്നാമതുമാണ്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ചാനിരക്കില്‍ മുന്നില്‍ ഡല്‍ഹിയാണ്. 22.30 ശതമാനമാണ് ഡല്‍ഹി കുറിച്ച വളര്‍ച്ച. 17 ശതമാനം വളര്‍ച്ചയുമായി തമിഴ്നാടാണ് രണ്ടാമത്. അതേസമയം, 2022-23ലെ ശരാശരി പണം പിന്‍വലിക്കല്‍ തുകയായ 1.34 കോടി രൂപയില്‍ നിന്ന് കേരളം കഴിഞ്ഞവര്‍ഷം പിന്‍വലിച്ച തുക 1.29 കോടി രൂപയായി കുറഞ്ഞു. മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.ടി.എം പിന്‍വലിക്കല്‍ കുറഞ്ഞു. യു.പി.ഐ പണമിടപാടുകള്‍ കഴിഞ്ഞമാസം കുറിച്ചത് നേരിയ നഷ്ടം. 1,330 കോടി യു.പി.ഐ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നത്. മാര്‍ച്ചില്‍ ഇടപാടുകള്‍ 1,340 കോടിയായിരുന്നു. ഇടപാടുകളുടെ മൊത്തം മൂല്യം മാര്‍ച്ചിലെ 19.8 ലക്ഷം കോടി രൂപയില്‍ നിന്ന് 19.6 ലക്ഷം കോടി രൂപയിലേക്കാണ് കുറഞ്ഞത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *