അഞ്ചു വര്‍ഷത്തിനകം ഐടി മേഖലയില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസുകളും 67,000 തൊഴിലവസരങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്‌പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1,61,000 ചതുരശ്ര അടി ഐടി സ്‌പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്നിസന്റ് ടെക്‌നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്‌പേസും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പില്‍ നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവില്‍ പോയ 22 വയസുകാരനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരേയാണ് കേസ്. ഇയാളും രണ്ടു സഹായികളും ഒളിവിലാണ്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുള്‍ ജലീലിന്റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
കറി പൗഡറുകളിലെ മായം പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും പിന്‍വലിപ്പിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഷാര്‍ജ ഭരണാധികാരി സന്ദര്‍ശിച്ചപ്പോള്‍ കാണാനോ ആതിഥേയത്വം നല്‍കാനോ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് ലോകസഭയില്‍ ഇങ്ങനെ മറുപടി നല്‍കിയത്. ഷാര്‍ജ ഭരണാധികാരിക്കു മുഖ്യമന്ത്രി ആതിഥ്യം നല്‍കിയതു നിയമവിരുദ്ധമാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.
സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെത് അപകട മരണം തന്നെയെന്ന് തിരുവനന്തപുരം സിജെഎം കോടതി. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പ്രതികരിച്ചു.
അട്ടപ്പാടി മധുകൊലക്കേസില്‍ പതിനെട്ടാം സാക്ഷിയും വനംവകുപ്പ് വാച്ചറുമായ കാളി മൂപ്പന്‍ കൂറു മാറി. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചര്‍മാരെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ 122 സാക്ഷികളാണുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്കു ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം നേടിയ എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് അവാര്‍ഡ് നിരസിക്കുന്നതെന്നു ‘എതിര്’ എന്ന കൃതി രചിച്ചു പുരസ്‌കാര ജേതാവായ കുഞ്ഞാമന്‍ പ്രതികരിച്ചു.
സഹപ്രവര്‍ത്തകനായ മലയാളിയെ കൊലപ്പെടത്തിയ പ്രവാസിക്കു സൗദി കോടതി വിധിച്ച വധശിക്ഷയില്‍നിന്ന് മോചനം. കൊല്ലപ്പെട്ട കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗര്‍ സ്വദേശി എച്ച്.ആന്‍.സി കോമ്പൗണ്ടില്‍ സക്കീര്‍ ഹുസൈന്‍ (32) ജയില്‍മോചിതനായി നാട്ടിലെത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.
മഞ്ചേശ്വരത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മുംബൈയില്‍നിന്ന് പണം കടത്തിയ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റു ചെയ്തു.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 20 കിലോ കഞ്ചാവുമായി കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ്(25) അറസ്റ്റിലായി.
അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടന്‍ ശരത് ചന്ദ്രന്‍ (37) മരിച്ച നിലയില്‍. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.
കോഴിക്കോട് പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശനിലയിലാക്കി. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ വിവസ്ത്രനാക്കി കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെരുവണ്ണാമുഴി പോലീസില്‍ പരാതി നല്‍കി.
പിഎസ്‌സിയുടെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടത്തും. മൂന്നു ഘട്ടമായാണ് പരീക്ഷ നടത്തുക. ഒക്ടോബര്‍ 22 നാണ് ആദ്യ ഘട്ട പരീക്ഷ. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 11.
സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തിയും പിന്നീട് വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്നും വാര്‍ത്തകളില്‍ നിറഞ്ഞ ഹനാന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായി. എഴുന്നേറ്റു നടക്കാന്‍ പ്രയാസമാകുമെന്നു ഡോക്ടര്‍മാര്‍ വിധിച്ചെങ്കിലും രണ്ടര മാസമായി ജിന്റോ ബോഡി ക്രാഫ്റ്റില്‍ പരിശീലനത്തിലൂടെ ഹനാന്‍ ശരീരത്തെ മാറ്റിയെടുത്തിരിക്കുന്നു. വ്യായാമ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമം പോസ്റ്റു ചെയ്തത്. അഭിനന്ദന കമന്റുകള്‍ക്കൊപ്പം അധിക്ഷേപകരമായ കമന്റുകളുമുണ്ട്.
പെന്‍ഷന്‍ ഉറപ്പാക്കാന്‍ മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍ നിയമിച്ചതു നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമമാണ് പ്രധാനം, വ്യക്തിയല്ല. ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളെ മാറ്റി നിയമിച്ചത്.
ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വേണമെന്ന് സിപിഐ കരട് രാഷ്ട്രീയ പ്രമേയം്. വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെയാണു പ്രമേയം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പുറത്തിറക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ഇടതു പാര്‍ട്ടികള്‍ക്കു ക്ഷീണമുണ്ടാക്കിയെന്നും പ്രമേയത്തിലുണ്ട്.
മംഗലാപുരം സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതക കേസ് എന്‍ഐഎക്ക്. കര്‍ണാടക സര്‍ക്കാരാണു തീരുമാനമെടുത്തത്. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു.
കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ച കേസിലാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത. മുന്‍ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ, നാഗ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റ് ഡയറക്ടര്‍ മുകേഷ് ഗുപ്ത എന്നിവരെയും കോടതി കുറ്റക്കാരാണെന്നു വിധിച്ചു. ശിക്ഷ പിന്നീടു വിധിക്കും.
സൗദി അറേബ്യയില്‍ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വര്‍ഷം പഴക്കമുള്ള മനുഷ്യവാസശേഷിപ്പുകള്‍ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്കുള്ള അല്‍ഫാവ് മേഖലയില്‍ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തില്‍ സൗദിയിലേയും ഫ്രാന്‍സിലെയും പുരാവസ്തു ഗവേഷകരാണ് ഇതു കണ്ടെത്തിയത്.