IMG 20231111 WA0094
ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാ ദൗത്യം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴല്‍ വഴി  മരുന്നുകള്‍ എത്തിച്ചു നല്‍കി. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. ദില്ലിയില്‍ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. 40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്.
ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെതെന്നും ുഖ്യമന്ത്രി പിണറായി വിജയന്‍.. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും കാലാ കാലമായി ഇന്ത്യ സ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നല്‍കുമെന്ന് സര്‍ക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ഡിസംബര്‍ 11നകം അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതില്‍ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു.
തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തിയ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപയും കുടിശ്ശികയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതി.  പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമാണ് സമിതിക്കുള്ള നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുള്ളത്. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച റാലിയില്‍ അമ്പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.  കോണ്‍ഗ്രസിന്റെ  പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സിപിഎമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ്  കോഴിക്കോട് റാലിയെ ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചതെന്നും ചോരയും നീരുംകൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്നും  സുധാകരന്‍ പറഞ്ഞു.

നവകേരള സദസിനായി തയ്യാറാക്കുന്ന ഇ ആഢംബര ബസ് അസറ്റ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിര്‍മിച്ചതെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങള്‍ക്കും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.

വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താല്‍ ഭിന്നശേഷിക്കാരന്‍ വാങ്ങിയ 12 വര്‍ഷത്തെ  ക്ഷേമ പെന്‍ഷന്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആര്‍.എസ് മണിദാസന്‍ വാങ്ങിയ കഴിഞ്ഞ 12 വര്‍ഷത്തെ പെന്‍ഷന്‍ തുകയായ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചിന്റേതാണ് ഇടപെടല്‍.
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീര്‍ ആയിരുന്നു പണം തട്ടിയത്. ഹസീനയ്‌ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ഹസീന മുനീറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച നടപടി അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ്. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമെന്ന് സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ ടൂറിസം ബസ്സുകളില്‍ പരിശോധന നടത്താന്‍ ആര്‍ടിഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കി മോട്ടോര്‍ വാഹന കമ്മീഷണര്‍. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടോയെന്നറിയാനാണ് പരിശോധന.
നൂറനാട്ടെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയതായി മന്ത്രി പി പ്രസാദ്. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നൂറനാട്ടെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ എസ് പി യെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
ഇനി ശരണം വിളിയുടെ നാളുകള്‍. മണ്ഡല  മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പി എസ് പ്രശാന്ത് വ്യക്തമാക്കി. ഇത്തവണയും വെര്‍ച്ചല്‍ ക്യൂ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ടാഗ്‌സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നവംബര്‍ മാസത്തെ ഇതുവരെയുള്ള ഭണ്ഡാരം വരവ് അഞ്ചര കോടിയോളം രൂപ. 2 കിലോയിലധികം സ്വര്‍ണവും 12 കിലോയിലധികം 680 ഗ്രാം വെള്ളിയും ലഭിച്ചു.
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ 18,ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ : 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍. നവംബര്‍ 19, ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്സ്പ്രസ്, 06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍, 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍.

തൃശൂര്‍ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു സംഭവം.

ദില്ലിയില്‍ വായു ഗുണനിലവാരം തോത് നാനൂറിനടുത്ത്. ദീപാവലിയ്ക്ക് ശേഷം തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.

പ്രഥമ ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം. ജിമ്മി ജോര്‍ജ്  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കള്‍ നീക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. അതേസമയം, സെമിഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയുടെ പ്രകടനം തലമുറകള്‍ ഓര്‍ത്തുവെക്കുമെന്ന് പധാനമന്ത്രി അഭിനന്ദിച്ചു. അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *