വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്‍മാറ്റം തുടരുന്നു. ഈ മാസം ഇതുവരെയുള്ള ആദ്യ ആറു വ്യാപാര ദിനങ്ങളില്‍ മാത്രം ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 45,125.67 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ 2026ല്‍ ഇതുവരെ ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 3.6 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ വിദേശ വില്‍പന ആഭ്യന്തര വിപണിയിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ ഏകദേശം 14 ശതമാനം താഴെയാണ്. മുന്‍നിര ഓഹരികളിലെല്ലാം ഇടിവ് പ്രകടമാണ്. സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 45,536.89 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ആ മാസം 1.22 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഏപ്രിലില്‍ 63,167 കോടി രൂപയുടെ വില്‍പനയും വിദേശ നിക്ഷേപകര്‍ നടത്തി.
