കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി. സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. പ്രായാധിക്യം മൂലം മാറ്റി നിർത്താൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.80 കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപി കേന്ദ്രനേതൃത്വത്തിന്റേതാണ്. മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട് തനിക്ക് ദില്ലിയിൽ നിന്ന് വിളി വന്നെന്ന് വെളിപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തന്നെയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ച ഷെട്ടർ ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് താൻ തോൽക്കുമെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിക്കുന്നു. സമാനമായ രീതിയിൽ മാറി നിൽക്കാൻ നിർദേശിച്ച മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ സ്വമേധയാ വിരമിക്കുന്നുവെന്ന് ജെ പി നദ്ദയ്ക്ക് കത്തെഴുതി. ശിവമൊഗ്ഗ എംഎൽഎയായ ഈശ്വരപ്പയ്ക്ക് ഇത്തവണ അതേ സീറ്റ് കിട്ടില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. മകൻ കെ ഇ കാന്തേഷിന് ശിവമൊഗ്ഗ സീറ്റ് നൽകണമെന്ന ഈശ്വരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം തള്ളി. മക്കൾ രാഷ്ട്രീയം തുടരുകയും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീണ്ടും മത്സരിക്കുകയും അഴിമതിക്കേസുകളിൽ പ്രതികളായവർ സ്ഥാനാർഥികളാവുകയും ചെയ്യുന്നതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി
