മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.
വനാതിർത്തി മേഖലയിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. റവന്യു ഭൂമിയിൽ വനം വകുപ്പിന് എന്തുകാര്യമെന്നും കർഷകർ കെട്ടിയ വേലികൾ പൊളിക്കുന്നത്, സിഎച്ച്ആർ ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢ നീക്കമെന്നും കെ യു ജനീഷ് കുമാർ ആരോപിച്ചു.
കെ യു ജനീഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയുമായി വനം മന്ത്രിയും റവന്യൂമന്ത്രിയും. പൊളിച്ചത് രണ്ട് വൻകിട റിസോർട്ടുകളുടേത് ഉൾപ്പെടെ അനധികൃത നിർമാണങ്ങൾ മാത്രമെന്ന് വനം മന്ത്രി ഷിബു ബേബി ജോണും നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന തീരുമാനങ്ങളെ എതിർക്കരുതെന്ന് റവന്യു മന്ത്രി എ പി അനിൽ കുമാറും പറഞ്ഞു.
സരൾ കേരള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും കൃത്യസമയത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സിഎംആര്എല് മാസപ്പടി കേസിൽ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല് നല്കാന് ഒരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കിട്ടിയ തിരിച്ചടി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്ന് ഹർജിക്കാരൻ കെ എം ഷാജഹാൻ. പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ സിപി എം തയ്യാറാകണമെന്നും അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം പറഞ്ഞത് സിംഗിൾ ബെഞ്ച് പിണറായി വിജയനെ കേട്ടില്ല എന്നാണ്. ഇപ്പോൾ ഹൈക്കോടതി പിണറായിയെയും റിയാസിനെയും വീണയെയും കേട്ടിട്ടാണ് വിധി പറഞ്ഞതെന്നും ഷോൺ പറഞ്ഞു
മാസപ്പടി കേസിൽ എഫ്ഐആർ സംബന്ധിച്ച അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ലെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിനാണെന്നും മാത്യു കുഴൽ നാടൻ ചോദിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്നും ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കുമെന്നും നിയമസഭയിൽ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി പതിയെ കരകയറുന്നുണ്ടെന്നും നഷ്ടങ്ങളുടെ വളവ് തിരിഞ്ഞുവരികയാണെന്നും നിയമസഭയിൽ ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. പുതിയ ബസുകൾ നിരത്തിലിറക്കാൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവ് ആർ ശ്രീലേഖയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ ഡിജിപിയാണ് ശ്രീലേഖയെന്നും, ബിജെപി നേതാവ് ഇത്തരം ബാലിശ നിലപാട് സ്വീകരിക്കുന്നത് പാർട്ടി അംഗീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകി. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു വിവാദ പരാമർശം.
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം. വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ അക്രമിച്ചെന്ന കേസില് മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ മാതമംഗലത്ത് 32കാരിയായ എരമം സ്വദേശി മേഘ വിഷം കഴിച്ച് മരിച്ചത് വലിയ തുക നഷ്ടമായതിനാൽ എന്ന് നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു. ഈ പണം എങ്ങനെ നഷ്ടമായി എന്നതിൽ അവ്യക്തത തുടരുകയാണ്.
പെരിന്തൽമണ്ണ വേങ്ങൂരിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന നാല് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല.
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ രമ്യാ ഹരിദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ 5 വയസുകാരി ഫാത്തിമ സഹറ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ രണ്ടര വയസുകാരൻ മുഹമ്മദ് ഹനാൻ എന്നിവരാണ് മരിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം നടത്താൻ ബി.ജെ.പി തീരുമാനിച്ചു. എസ്ഐആർ നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകും.
ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് മതം മാറിയെന്ന കാരണത്തിൽ മാത്രം പിന്നോക്ക വിഭാഗക്കാർക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി.
പ്രതിഷേധ മാർച്ചിനിടെ ബി.ജെ.പി എം.പിയും സിനിമാ താരവുമായ രവി കിഷന് നാക്കുപിഴ. രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിനിടെ “നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണ്, എന്നിട്ടാണോ സ്വന്തം പ്രവർത്തകരെ തല്ലുന്നത്” എന്ന് രവി കിഷൻ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് താരം ഇമ്രാൻ ഖാന് ഇന്ത്യ വിടാൻ നോട്ടീസ്. ഒക്ടോബർ 28നകം രാജ്യം വിടാൻ മുംബൈ പൊലീസാണ് നോട്ടീസ് നൽകിയത്. അമേരിക്കൻ പൗരത്വമാണ് അദ്ദേഹത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ചെന്നൈയിൽ ഇന്ന് ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം. വൈകിട്ട് എഗ്മോറിൽ നടക്കുന്ന യോഗത്തിൽ ടിവികെയും പങ്കെടുക്കും. യോഗത്തിനായി രാഹുലിന്റെയും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെയും ചിത്രം ഉൾപ്പെടുത്തി
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 13ന് നടത്തിയ പ്രതിഷേധത്തിനിടെയുള്ള കയ്യേറ്റത്തിൽ കേരളത്തിൽ കേസെടുത്തു. എൻ എസ് യു ഐ നേതാവ് ആതിര വിജയന്റെ പരാതിയിലാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ) മിസൈലുകൾക്ക് ആവശ്യമായ 300 ഓപ്റ്റിക്കൽ സൈറ്റുകൾ വാങ്ങുന്നതിനായി മുൻ സി.എം.ഡി സിദ്ധാർത്ഥ് മിശ്രയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഏകപക്ഷീയമായി കോടികളുടെ കരാർ നൽകാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്.
പാകിസ്ഥാനിലെ പെഷവാർ നഗരത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെല്ലാം 13 വയസ്സിന് താഴെയുള്ളവരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണാൻ വനിതാ ബി ജെ പി എംപിമാർ ഒരുങ്ങുന്നു. അക്കോയിജത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും ഈ കൂടിക്കാഴ്ച.
പഞ്ചാബിൽ അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സംഘത്തെ പത്താൻകോട്ട് പൊലീസ് പിടികൂടി. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ 40 കോടിയിലധികം രൂപ വിലമതിക്കുന്ന 7.8 കിലോഗ്രാം ഹെറോയിൻ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്.
ചാമ്പ്യൻസ് ലീഗിലെ പോരാട്ടങ്ങൾക്കൊടുവിൽ എ.എസ് റോമയ്ക്കെതിരെ അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് റയൽ മാഡ്രിഡ് 4-3ന്റെ അവിശ്വസനീയ വിജയം. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ 4-2ന് തകർത്ത് പാരിസ് സെയ്ന്റ് ജെർമെയ്ൻ (പി.എസ്.ജി) കരുത്തുകാട്ടി.
വിൻഡീസിനെതിരായ നാലാം ടി20യിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവൻ ഇറക്കുന്ന ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നൽകി.
മദ്ധ്യാഹ്ന വാർത്തകൾ
