അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയില്‍നിന്നു തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും. എല്ലാ കള്ളന്മാരുടെ പേരിനു പിറകേ മോദി എന്ന പേരുണ്ടെന്നു പ്രസംഗിച്ചതിനെതിരേയാണ് കേസ്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി തുടങ്ങിയ പേരുകള്‍ അങ്ങനെയാണ്. പ്രസംഗം മോദി സമുദായത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ രൂപേഷ് മോദി നല്കിയ പരാതിയിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ എത്തിയിരുന്നു.
കൊച്ചിയില്‍ നാലു മാസത്തിനകം മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിക്കുകയും കോടതി മേല്‍നോട്ടം വഹിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിയമസഭാ സംഘര്‍ഷത്തില്‍ രണ്ടു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ കാലിനു പൊട്ടലില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന് ആരോപിച്ചായിരുന്നു ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തത്.
കൊച്ചി കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള മാലിന്യ നീക്ക കരാറില്‍ 32 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോട് അദ്ദേഹം ഏഴു ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. പ്രളയത്തിനുശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നാണ് ആദ്യ ചോദ്യം.
ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാര്‍ നല്കിയ ആരുഷ് മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസിലെത്തന്നെ ചിലരാണ് ഈ ആരോപണം പ്രചരിപ്പിച്ചതെന്നും വേണുഗോപാല്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയോട സമ്മര്‍ദവുമായി പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാര്‍. ആശുുപത്രിയില്‍ തുടരുന്ന യുവതിയുടെ ഭര്‍ത്താവ് ആശുപത്രി സൂപ്രണ്ടിനു പരാതി നല്കി. അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതിക്കാരിയായ രോഗി കിടക്കുന്ന വാര്‍ഡിലേക്കു ഡോക്ടര്‍മാര്‍ അല്ലാതെ ആരും പ്രവേശിക്കരുതെന്നു വിലക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
അഴിമതിക്കേസില്‍ പ്രതിയായ ഡിവൈ.എസ്പി വേലായുധന് വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനക്കിടെ മുങ്ങി. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് ഒതുക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്തിന്റെ പേര് ‘അയിരൂര്‍ കഥകളി ഗ്രാമം’ എന്നാക്കി മാറ്റി. പേരുമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. പോസ്റ്റോഫീസിന്റെ പേരും മാറ്റിയിട്ടുണ്ട്.
ആര്‍ച്ച്ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ജോസഫ് പൗവ്വത്തില്‍ അറിവിന്റെ വെളിച്ചം പടര്‍ത്തിയ വ്യക്തിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനും കര്‍ഷകരെ ശാക്തികരണത്തിനും അദ്ദേഹം യത്നിച്ചെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കു സ്ഥലം വിട്ടുകൊടുത്തവര്‍ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് സമരത്തിനിറങ്ങി. പെരുമണ്ണ, ഒളവണ്ണ എന്നിവിടങ്ങളിലെ ഭൂവുടമകളാണു പ്രതിഷേധിച്ചത്. ഒറിജിനല്‍ രേഖകള്‍ അടക്കം അധികൃതര്‍ വാങ്ങിവച്ചശേഷം, ആദ്യം വാഗ്ദാനം ചെയ്തത്രയും തുക തരില്ലെന്ന നിലപാടെടുത്തെന്നാണ് ആരോപണം.
എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താനല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരില്‍ സാമ്യമുള്ളതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ടാഗ് ചെയ്യരുതെന്നും അഞ്ജു പറഞ്ഞു.
കൊല്ലം ആര്യങ്കാവ് അരണ്ടലില്‍ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിനാണ് കാട്ടാനയുടെ കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്ത് പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ വീടു കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനെതിരേയാണു പരാതി. പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കായംകുളത്ത് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ കത്രികകൊണ്ടു കുത്തി രോഗി. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലില്‍ മുറിവേറ്റു ചികില്‍സ തേടിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്.
ഫ്ളാറ്റിനു താഴെ വീണുകിടന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകന് നവാസ് ഖാന് (37) ആണ് മരിച്ചത്.
അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവ് മരിച്ച നിലയില്‍. എറണാകുളം പാലക്കുഴ പളനില്‍കും തടത്തില്‍ ഉലഹന്നാന് ജോണിന്റെ മകന് ജോജി ജോണ്‍ (40) ആണ് മരിച്ചത്. വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡില്‍
സ്കൂട്ടറും പെട്ടിയും ഇരിക്കുന്നതുകണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
‘മോദിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റര്‍ പ്രചാരണം ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണ വിഷയമാക്കും. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും.
വിശാഖപട്ടണത്ത് പുതുതായി പണിയുന്ന കെട്ടിടത്തിനു പൈലിംഗ് പണി നടക്കുന്നതിനിടെ തൊട്ടടുത്ത മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് രണ്ടു കുട്ടികളടക്കം മൂന്നു പേര് മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.
അല്‍ഖയ്ദ മേധാവിയിരുന്ന ഭീകരന് ഒസാമ ബിന്‍ ലാദന്റെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ച വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനെ യോഗി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ എസ്ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് പിരിച്ചു വിട്ടത്.
ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്റര്‍സ്ട്രീസ് തലവന്‍ മുകേഷ് അംബാനി മുന്നിലെത്തി. ലോകത്തെ ധനികരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 8200 കോടി ഡോളറാണ്.
അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വര്‍ധനയെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ പറഞ്ഞു.