yt cover 41

നിയമസഭയില്‍ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചതോടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിലേക്കു നിശ്ചയിച്ചിരുന്ന ധനാഭ്യര്‍ത്ഥനകള്‍ ഉച്ചയ്ക്കു മുമ്പുതന്നെ പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ സമരത്തെ അവഗണിച്ചു നിഷ്പ്രഭമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭയില്‍ ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല.

നിയമസഭക്കുള്ളിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് എന്നിവരാണു സഭയുടെ നടുത്തളത്തില്‍ നിരാഹാര സമരം തുടങ്ങിയത്. ഇന്നും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയത്. പ്രതിപക്ഷ സമരങ്ങള്‍ സഭാ ടിവിയിലൂടെ കാണിച്ചില്ല. ധിക്കാരം നിറഞ്ഞ നടപടികളാണ് സര്‍ക്കാരിന്റേതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുന്‍ സിഇഒ യു വി ജോസിനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ സന്തോഷ് ഈപ്പനെ യു.വി ജോസിനു പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നല്‍കിയിരുന്നു. സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു.വി ജോസിനെ വീണ്ടും ചോദ്യംചെയ്യുന്നത്.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴു പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്ത് നല്‍കി.

നിയമസഭയില്‍ സിപിഎമ്മിനെതിരെ മുന്‍മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മുകാരായ മൂന്നു സാക്ഷികള്‍ കൂറുമാറിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി പറഞ്ഞപ്പോഴാണ് ചന്ദ്രശേഖരന്‍ തിരുത്തിയത്.

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും. ഫാരിസിന്റെ ശോഭ ഗ്രൂപ്പ് അടക്കമുള്ളവരുമായുള്ള ഭൂമിയിടപാടുകളില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കൊച്ചിയിലടക്കം പലയിടത്തും തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ ലാന്‍ഡ് ബാങ്ക് സ്വന്തമാക്കിയതിനെക്കുറിച്ചാണ് അന്വേഷണം.

മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് ഫാരിസ് അബുബക്കറെന്ന് പി.സി. ജോര്‍ജ.് പത്തിരുപത്തഞ്ചു വര്‍ഷമായി പിണറായി വിജയന്റെ അടുപ്പക്കാരനാണ് ഫാരിസ്. ആറു വര്‍ഷമായി മുഖ്യമന്ത്രിയുടെ മാര്‍ഗദര്‍ശിയാണ് ഫാരിസ്. പി.സി. ജോര്‍ജ് ആരോപിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തങ്ങളും മുന്‍പ് ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്, ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇത് എവിടുത്തെ സമരം ആണെന്നാണ് യുഡിഎഫ് കാലത്ത് നിയമസഭ തല്ലിത്തകര്‍ത്ത മന്ത്രി ശിവന്‍കുട്ടിയുടെ ചോദ്യം.

വിമാനത്തിനുളളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ചതിന് വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസ് എടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. പ്രതികള്‍ക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തി കേസ് കൂടുതല്‍ ഗുരുതരമാക്കാനാണ് ഈ നീക്കം. ഇതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തില്‍ തള്ളി താഴെയിട്ട ഇ.പി.ജയരാജനെതിരായ കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കും.

മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. 1968 ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ സിപിഎം പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിന്റെ അന്വേഷണത്തിന് കണ്ണൂര്‍ എസ്പി ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

പതിനേഴ് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിപ്പര്‍ ജയാനന്ദന്‍ ആദ്യമായി പരോളില്‍ പുറത്തിറങ്ങി. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്. രാവിലെ ഒന്‍പതിനു പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകുന്നേരം ജയിലില്‍ തിരിച്ചെത്തിക്കും. നാളെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിലും പൊലീസ് അകമ്പടിയോടെ പങ്കെടുക്കും. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ അടക്കം 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍.

കറുകുറ്റിയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബെംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.

തിരുവനന്തപുരം പേട്ടയില്‍നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ കണിയാപുരത്തുനിന്നും കണ്ടെത്തി. വീട്ടില്‍നിന്ന് ഇന്നു രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നല്‍കിയിരുന്നു.

ചേര്‍പ്പ് സദാചാര കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഡിനോണ്‍ എന്ന യുവാവാണ് അറസ്റ്റിലായത്. മുഖ്യപ്രതികളെ പിടികൂടാനായിട്ടില്ല.

ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ വൃദ്ധ മരിച്ചു. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിന (60)യാണ് മരിച്ചത്.

വിവാഹത്തലേന്ന് കൂട്ടുകാര്‍ക്കൊപ്പം കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം.

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ളവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്റോ(29) ആണ് അറസ്റ്റിലായത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരോടു മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. രാജ്യത്തെ അപമാനിച്ചെന്ന ബിജെപിയുടെ ആരോപണത്തില്‍ രാഹുല്‍ഗാന്ധി മാപ്പു പറയില്ല. അദാനിയുമായുള്ള ഒത്തുകളി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പവന്‍ ഖേര. രാഹുല്‍, അദാനി വിഷയങ്ങളെച്ചൊല്ലി ബഹളംമൂലം ഇന്നും പാര്‍ലമെന്റ് തടസപ്പെട്ടു.

കര്‍ഷകരുടെ ദേശീയ പ്രക്ഷോഭത്തിനു തീയതി നിശ്ചയിക്കാന്‍ കിസാന്‍ മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി മുപ്പതിന് ചേരും. സംസ്ഥാനങ്ങളിലെ സമരങ്ങളുടെ പദ്ധതി പ്രഖ്യാപനവും നടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നട ജാഥയ്ക്കും ആലോചനയുണ്ട്.

ബിജെപിയെ 2024 ല്‍ താഴെയിറക്കാന്‍ ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പ്രയാസമാണെന്നു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. ഹിന്ദുത്വ, ദേശീയത, ക്ഷേമവാദം എന്നീ മൂന്ന് നിലകളുള്ള ഒരു തൂണാണ് ബിജെപിക്കുള്ളത്. ഈ രണ്ട് തലങ്ങളിളെങ്കിലും പ്രതിപക്ഷത്തിന് ബിജെപിയെ മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയില്ല. പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. തെളിവുകളായി ആവശ്യപ്പെട്ട പഴയ ഫോണുകള്‍ കവറിലാക്കി കൈമാറുകയാണെന്ന് പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാണിച്ചാണ് കവിത ഇഡി ഓഫീസിലേക്കു കയറിപ്പോയത്. മാര്‍ച്ച് 11 ന് കവിതയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയമായി വേട്ടയാടുന്നതല്ലാതെ തനിക്കെതിരേ ഒരു തെളിവുമില്ലെന്നു കവിത പറഞ്ഞു.

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്കു ബദല്‍ മാര്‍ഗത്തെക്കുറിച്ചു പരിശോധിയ്ക്ക്ാന്‍ സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടി. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചക്കു തുടക്കമിട്ടത്.

ബാങ്കുകളില്‍നിന്ന് വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചു. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്നായി 13,500 കോടി രൂപയാണ് മെഹുല്‍ ചോക്സി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ടത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാകാത്തതിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ ഇന്നു വിശദമായ വാദം കേള്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഖാലിസ്ഥാന്‍ വിഘടനാവാദി അമൃത്പാല്‍ സിംഗിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പഞ്ചാബ് പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി.

ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ പുരുഷോത്തംപൂര്‍ ശാസന ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം മധ്യകാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുന്നിന്റെ അടിത്തട്ടിലായി നാല് ഏക്കര്‍ സ്ഥലത്താണ് 14 ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മുംബൈ വിമാനത്താവളത്തില്‍ 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍. മുംബൈയിലെ ഹോട്ടലില്‍ ലഹരി മരുന്ന് കൈപറ്റാന്‍ എത്തിയ നൈജീരിയക്കാരനും അറസ്റ്റിലായി.

ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിര്‍മാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്.

താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ആറ്റ ബന്ദിയാലിക്കു സന്ദേശം അയച്ചു. തനിക്കെതിരായ കേസുകള്‍ ഒരുമിച്ച് ആക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ന് അറസ്റ്റു ചെയ്തേക്കും. അവിഹിത ബന്ധ വിവരം മറച്ചുവയ്ക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് രഹസ്യമായി പണം നല്‍കിയെന്ന കേസിലാണ് ട്രംപ് കുടുങ്ങുന്നത്. കേസ് കുത്തിപ്പൊക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്നു ട്രംപ് ആരോപിച്ചു.

യുഎസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യന്‍ വംശജയായ നിഷ ദേശായി ബിസ്വാളിനെ നിയമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നിഷയുടെ പേര് നിര്‍ദേശിച്ചത്. യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജയെ ബൈഡന്‍ ശുപാര്‍ശ ചെയ്തത്.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ സ്വത്തുക്കളെല്ലാം റഷ്യ മരവിപ്പിച്ചു. റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു സ്ഥലംവിടാനുള്ള ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങളെ റഷ്യന്‍ കോടതിയാണ് തടയിട്ടത്.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം നാളെ ചെന്നൈയില്‍. നിലവില്‍ രണ്ട് ടീമുകളും ഓരോ ജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. നാളെ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം/ജി.എന്‍.പി.എ) നടപ്പുവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബറില്‍ 2017-18 മാര്‍ച്ചിലെ 14.6 ശതമാനത്തില്‍ നിന്ന് 5.53 ശതമാനമായി താഴ്ന്നു. 2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി കുറിച്ചത് 66,543 കോടി രൂപയുടെ ലാഭമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ തന്നെ ലാഭം 70,167 കോടി രൂപയായി. ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം (സി.എ.ആര്‍) 2015 മാര്‍ച്ചിലെ 11.5 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 14.5 ശതമാനമായും മെച്ചപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണിമൂല്യം ഡിസംബര്‍ പ്രകാരം 10.63 ലക്ഷം കോടി രൂപയാണ്. 2018 മാര്‍ച്ചില്‍ ഇത് 4.52 ലക്ഷം കോടി രൂപയായിരുന്നു.

മോട്ടോറോള ഇന്ത്യന്‍ വിപണിയിലെത്തിച്ച പുത്തന്‍ 4ജി സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി32. രണ്ട് വകഭേദങ്ങളാണുള്ളത്. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 10,499 രൂപ. 8 ജിബി റാം, 128 ജിബി പതിപ്പിന് 11,999 രൂപ. സാറ്റിന്‍ സില്‍വര്‍, മിനറല്‍ ഗ്രേ നിറങ്ങളില്‍ ലഭിക്കും.എല്‍.സി.ഡി സ്‌ക്രീന്‍6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് (2400ഃ1080 പിക്‌സല്‍) റെസൊല്യൂഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനാണുള്ളത്. അഡ്രിനോ 610 ജി.പി.യുവിനോട് കൂടിയ ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു. ഇരട്ട നാനോ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സംവിധാനം (ഒ.എസ്). ആന്‍ഡ്രോയിഡ് 13 ഒ.എസിലേക്ക് അപ്‌ഡേറ്റ് മോട്ടോറോള ഉറപ്പുനല്‍കുന്നുണ്ട്.50 എം.പി ക്യാമറപിന്‍ഭാഗത്ത് ചതുരക്കൂടാരത്തില്‍ മൂന്ന് ക്യാമറകള്‍ കാണാം. ഒപ്പം എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. 50 എം.പിയാണ് പ്രധാന ക്യാമറ. എട്ട് എം.പി അള്‍ട്രാ വൈഡ് ലെന്‍സ് ക്യാമറയും 2 എം.പി മാക്രോ ലെന്‍സ് ക്യാമറയുമാണ് ഒപ്പമുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിനുമായി മുന്നില്‍ 16 എം.പി ക്യാമറയുണ്ട്.5000 എം.എ.എച്ചാണ് ബാറ്ററി. ടൈപ്പ്-സി ചാര്‍ജിംഗാണ്. അതിവേഗ ചാര്‍ജിംഗ് സൗകര്യവുമുണ്ട്. വശത്തായുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറിന് പുറമേ ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ‘ഒഴുകി ഒഴുകി ഒഴുകി’ എന്നാണ് ചിത്രത്തിന്റെ പേര്. ജലത്തില്‍ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ക്ക് മുന്നിലാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരാണ്‍കുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയില്‍ അവന്‍ ഒരു കൊലപാതകത്തില്‍ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘര്‍ഷഭരിതമാകുന്നു. ശിവന്‍ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നരേന്‍, നന്ദു, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, എന്നിവരും പ്രധാന താരങ്ങളാണ്. ബി.ആര്‍. പ്രസാദിന്റേതാണ് തിരക്കഥ. ഓസ്‌ക്കാര്‍ അവാര്‍ഡു ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. ശീകര്‍ പ്രസാദാണ് എഡിറ്റര്‍. ദീപ്തി ശിവനാണ് നിര്‍മ്മിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈക്കും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘അകമലര്‍ അകമലര്‍ ഉണരുകയായോ/ മുഖമൊരു കമലമായ് വിരിയുകയായോ/ പുതുമഴ പുതുമഴ ഉതിരുകയായോ/ തരുനിര മലരുകളണിവു ആരത്…. ആരത് എന്‍ ചിരി കോര്‍ത്തത്…’ എന്നാണ് മലയാളം ഗാനത്തിലെ വരികള്‍. റഫീക്ക് അഹമ്മദ് രചിച്ച് ഏ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവല്‍ പൊന്നിയിന്‍ സെല്‍വന്‍ ആധാരമാക്കിയാണ് മണിരത്നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷത്ക്കാരം ഒരുക്കിയിരിക്കുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഇന്ത്യയിലെ നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. ഇതിന് മുന്നോടിയായി മൂന്നു ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ പുറത്തിറക്കി. ഈ മോഡലുകള്‍ക്ക് 85,000 രൂപ മുതല്‍ 1,03,000 രൂപ വരെയാണ് വില. ഒപ്റ്റിമ സിഎക്സ് 5.0 (ഡ്യൂവല്‍ ബാറ്ററി ), ഒപ്റ്റിമ സിഎക്സ് 2.0 (സിംഗിള്‍ ബാറ്ററി), എന്‍വൈഎക്സ് (ഡ്യൂവല്‍ ബാറ്ററി) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിന് രാജസ്ഥാനില്‍ 1200 കോടി രൂപ മുതല്‍ മുടക്കില്‍ വര്‍ഷത്തില്‍ 20 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള നിര്‍മാണ യുണിറ്റ് തുടങ്ങാനാണ് ഹീറോ ഇലക്ട്രിക് കമ്പനിയുടെ പ്ലാന്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2.5 ലക്ഷമായി ഉയര്‍ത്താനുമാണ് പദ്ധതി. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടക്ക് കമ്പനി ഏകദേശം 6 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കരുമായി പങ്കുവെച്ച തുറന്ന ചര്‍ച്ചകളും തുടങ്ങി കവിയുടെ എഴുത്തും ജീവിതവും പൂര്‍ണമായി പഠനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം. ‘ഏഴാച്ചേരി – കലഹകലയുടെ ഗന്ധമാദനം’. സമ്പാദനം, പഠനം – ഡോ. സി ഉണ്ണികൃഷ്ണന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 361 രൂപ.

ഒപ്റ്റിക് നാഡികള്‍ക്ക് മുന്നിലുള്ള കോശസംയുക്തങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രശ്നമാണ് ഐ സ്ട്രോക്ക് അഥവാ കണ്ണുകളിലെ പക്ഷാഘാതം. കാഴ്ചതന്നെ നഷ്ടപ്പെടുത്താവുന്ന അപകടകരമായ ഈ രോഗ സാഹചര്യം പക്ഷേ, നേരത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. കണ്ണുകളിലേക്ക് രക്തം കൊണ്ടു വരുന്ന രക്തധമനികള്‍ക്ക് വരുന്ന തടസ്സമാണ് ഐ സ്ട്രോക്കിലേക്ക് നയിക്കുന്നത്. കാഴ്ച മങ്ങല്‍, കണ്ണിനു മുന്നില്‍ നിഴലുകളും ഇരുണ്ട ഭാഗങ്ങളും പ്രത്യക്ഷപ്പെടല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഐ സ്ട്രോക്ക് വരുമ്പോള്‍ അത് ഇരു കണ്ണുകളില്‍ ഒന്നിന് മാത്രമാണ് സംഭവിക്കുക. രക്തധമനികളില്‍ വരുന്ന ഗുരുതരമല്ലാത്ത ബ്ലോക്കുകളില്‍ 80 ശതമാനം കേസുകളിലും കാഴ്ചശക്തി തിരിച്ചു കിട്ടാറുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് അപകടകരമായി മാറാം. ഐ സ്ട്രോക്ക് വന്നവരില്‍ പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കണ്ണില്‍ കാഴ്ച നഷ്ടമായതായി അനുഭവപ്പെടാം. എന്നാല്‍ ഈ കാഴ്ച നഷ്ടത്തിനൊപ്പം വേദനയൊന്നും അനുഭവപ്പെടാറില്ല. വെളിച്ചത്തോടുള്ള സംവേദനത്വവും മറ്റൊരു ലക്ഷണമാണ്. ഹൃദ്രോഗികള്‍, വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഐ സ്ട്രോക്ക് വരാന്‍ സാധ്യത അധികമാണെന്ന് പെന്‍ മെഡിസിന്‍ മെഡിക്കല്‍ സെന്റര്‍ വെബ്സൈറ്റ് പറയുന്നു. ഒപ്റ്റിക് ഡിസ്‌കിന്റെ ആകൃതിയും ഐ സ്ട്രോക്ക് വരാനുള്ള സാധ്യതയെ നിര്‍ണയിക്കുന്നു. പെട്ടെന്ന് കാഴ്ച നഷ്ടം അനുഭവപ്പെടുന്നവര്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ഐ സ്ട്രോക്ക് വന്ന് നാലു മണിക്കൂറിനകം ചികിത്സ തേടിയാല്‍ രക്തധമനിയിലെ ബ്ലോക്ക് നീക്കി കണ്ണിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.65, പൗണ്ട് – 101.24, യൂറോ – 88.68, സ്വിസ് ഫ്രാങ്ക് – 88.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 219.17, കുവൈത്ത് ദിനാര്‍ -269.47, ഒമാനി റിയാല്‍ – 214.65, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *