ഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്‌ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനകളില്‍ ഉള്ളടക്കം ചെയ്യുന്ന ക്രാഫ്റ്റിനെ മാനസിയുടെ കഥകള്‍ വിദഗ്ധമായി കയ്യടക്കുന്നു. പുരുഷനോ സമൂഹമോ നിര്‍മ്മിക്കുന്ന കളത്തിന്റെ അതിരുകളില്‍ തളംകെട്ടി നില്ക്കാനാവാതെ ചെളി തെറിപ്പിക്കുന്ന അനിയന്ത്രിതങ്ങളുടെ ഭൂമികയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണവള്‍. അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞ സ്വയംനിര്‍മ്മിതികളെ സ്‌നേഹിക്കാനാണ് മാനസിയുടെ സ്ത്രീകഥാപാത്രങ്ങള്‍ ഒരുമ്പെടുന്നത്. ‘മഞ്ഞിലെ പക്ഷി’. മാനസി. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.