എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ വേഗത്തിലാക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണം. മന്ത്രി നിര്‍ദേശം നല്കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്ത് ആല്‍ത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോര്‍ ഹാളിന് സമീപത്തും മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. നാലു യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ്സിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടത്തി.
സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചു. ആംഡ് പൊലീസ് ബറ്റാലിയന് എസ് പിയായ ജയ്ദേവിനെ ഈ തസ്തികയില്‍ നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കേയാണ് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്. അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്കി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരേ എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.
ഹരിപ്പാട് ദേശീയപാതയ്ക്കു നടുവില്‍ ദശാബ്ദങ്ങളായി നിന്നിരുന്ന ഒറ്റപ്പന മുറിച്ചുമാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നതുവരെ പന മുറിക്കരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥിച്ചിരുന്നു. ഭഗവതിയുടെ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്നാണ് ഐതിഹ്യം.
കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ ആരോപണം. പരിക്കേറ്റ ഇടതു കാലിനു പകരം വലതു കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ അറുപതുകാരിയാണ് കാലുമാറിയുള്ള ശസ്ത്രക്രിയക്ക് ഇരയായത്.
താമരശേരി ചുരത്തില്‍ എന്ജിന് തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്- കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടികള്‍.
താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാന് പിടിയിലായി. കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. അഷ്റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്തുണ്ടായിരുന്ന സ്വര്‍ണ ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് സബ്സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി. വിഴിഞ്ഞം തുറമുഖത്തോടു ചേര്‍ന്നുള്ള 33 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിര്‍വഹിച്ചത്.
അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ പാര്‍ട്ടി അന്വേഷണം. നാലംഗ കമ്മീഷനാണ് അന്വേഷണം നടത്തുക.
മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ നീക്കം പൊളിഞ്ഞു. കൂറുമാറി കോണ്‍ഗ്രസിനൊപ്പം എത്തിയ സിപിഎം അംഗം വി ബാലചന്ദ്രന്റെ രാജിക്കത്ത് തപാലില്‍ സെക്രട്ടറിക്കു ലഭിച്ചതോടെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗത്തെ അനുവദിച്ചില്ല. ഇതോടെ കോറം തികയാതെ അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകേണ്ടി വന്നു. കൂറുമാറിയ ബാലചന്ദ്രന്റെ കോട്ടേജ് ഒരുസംഘം അക്രമികള്‍ തല്ലിത്തകര്‍ത്തു.
തൃശൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസില്‍ അറസ്റ്റില്‍. തൃശൂര്‍ കോലഴി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന് (57) ആണ് അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണം സഹിതം കാസര്‍കോട് സ്വദേശി സൈഷാദിനെയാണ് അറസ്റ്റു ചെയ്തത്.
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച പ്രതിഭയാണ് കനക് റെലെ.
തൊട്ടടുത്ത ഫ്ളാറ്റില്‍ ഒളിച്ചിരുന്ന് നടി ആലിയ ഭട്ടിന്റെ സ്വകാര്യ ചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നല്കാന് പൊലീസ് ആവശ്യപ്പെട്ടു. താരത്തിന്റെ പി ആര് ടീം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തിയിരുന്നു.
വിവാഹ വിരുന്നിനു തൊട്ടുമുമ്പ് വധുവിനെയും വരനെയും വീട്ടില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരാണു മരിച്ചത്. ഇരുവരും രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു.
ശിവസേന തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്.
അദാനിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയോട് പാര്‍ലമെന്റില്‍ ചോദിച്ചെങ്കിലും മോദി മറുപടിയൊന്നും പറഞ്ഞില്ലെന്നു രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയയിലെ ഷില്ലോംഗില്‍ എത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചത്.
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഖാര്‍ഗെ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലക്കാടന്‍ മലയാളി വിവേക് രാമസ്വാമി. അമേരിക്കന്‍ ബിസിനസുകാരനും 37 കാരനുമാണ് വിവേക് രാമസ്വാമി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് മത്സരിക്കും. വടക്കഞ്ചേരി സ്വദേശിയും എന്‍ജിനിയറുമായ രാമസ്വാമിയുടേയും മനോരോഗ വിദഗ്ധ വയോജനയുടേയും മകനാണു വിവേക്. അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് ജനിച്ചത്.
ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തെ ആക്രമിക്കുന്നെന്ന് ബ്രിട്ടീഷന് പാര്‍ലമെന്റില്‍ വിമര്‍ശനം. ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തിയതിനെ പരാമര്‍ശിച്ചാണ് വിഷയം ചര്‍ച്ചയായത്.