ദില്ലി എം സി ഡി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയി ജയിച്ചു. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണൽ. മുൻപ് മൂന്ന് തവണ ആപ് ബിജെപി സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.ദില്ലി ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ തർക്കം. ആം ആദ്മി പാർട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. നാമ നിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് . തെരഞ്ഞെടുപ്പിൽ 14 എംഎൽഎമാരും 10 എംപിമാരും അടക്കം 274 പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ആം ആദ്മി പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രേഖ ഗുപ്തയാണ് മത്സരിച്ചത്.ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി രേഖാ ഗുപ്തയ്ക്ക് 116 വോട്ടുo ലഭിച്ചു.