മദ്ധ്യാഹ്ന വാർത്തകൾ 20261005 205113 0000

 

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാള്‍ അലക്സണ്ടാര്‍ ‍‍ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.

 

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച് കായിക മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലത്തെത്തുന്നത്. വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെന്ന് മന്ത്രി ആവർത്തിച്ചു.

 

അർജന്‍റീന ടീമിനെയും ലയണൽ മെസിയേയും കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമം ചുമത്താൻ ഡിജിപി സർക്കാരിന്റെ അനുമതി തേടി. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ മന്ത്രിതല ഗൂഢാലോചന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ബി ഗോപകുമാർ. ലീഗ് സ്പോൺസർ ചെയ്ത സർക്കാരാണിതെന്നും അമിത് ഷായ്ക്കെതിരെ ഗൂഢാലോചന നടത്തിയ മന്ത്രി ഒ ജെ ജനീഷിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന് പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വി ഡി സതീശനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയ്ക്ക് പരാതി നൽകി. മുന്നണിയിൽ ചർച്ച ചെയ്യാതെയുള്ള നിയമനങ്ങളിലും ഏകോപനമില്ലായ്മയിലുമാണ് പ്രധാന എതിർപ്പ്. രാഹുൽ ഗാന്ധിയെയും കണ്ട് അദ്ദേഹം പരാതികൾ ഉന്നയിക്കും.

 

കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

 

വിദേശത്ത് പോകാൻ അനുമതി തേടി ക്രിമിനൽ കേസുകളിൽ പ്രതിയായ റാപ്പര്‍ വേടൻ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വേടന്‍റെ ആവശ്യം. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്‌പോർട്ട്‌ ഓഫീസർക്ക് കോടതി നിർദേശം നല്‍കി.

 

 

എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി.

 

കെഎസ്ഇബി ചര്‍ച്ച നടത്തിയെങ്കിലും അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറാതെ കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി. വേതന വര്‍ധനയ്ക്കായുളള സമരത്തിൽ 400 ലധികം സെക്ഷനുകളിൽ കെഎസ്ഇബി ബിൽ വിതരണം മുടങ്ങിയെന്നാണ് വിവരം . ഇപ്പോഴത്തെ സാഹചര്യത്തിൽ വേതനം കൂട്ടാനാവില്ലെന്നാണ് ചര്‍ച്ച നടത്തിയ കെഎസ്ഇബി ഡയറക്ടര്‍മാരുടെ നിലപാട്.

 

പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ എപ്പോൾ തീരുമാനമാകും എന്ന കാര്യത്തില്‍ മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.

 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എകെജി സെന്‍ററിലെ ഭൂമി റവന്യു വകുപ്പ് നാളെ അളന്ന് പരിശോധിക്കും. പഠന കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള സർവകലാശാലക്കും തഹസിൽദാർ നോട്ടീസ് നൽകി

 

സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം ഫ്ലാറ്റിൽ എത്തിയത്. നിർമ്മാണ അപാകതകൾ മനസ്സിലാക്കാനായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ വിജിലൻസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

 

ലോകത്തിലെ ഏറ്റവും വലിയ കാൻസർ നിയന്ത്രണ ശൃംഖലയായ യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) സംഘടിപ്പിച്ച വേൾഡ് കാൻസർ കോൺഗ്രസ്, കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ, ഗവേഷണം, രോഗിജീവിത നിലവാരം, ആരോഗ്യനയം എന്നിവയുമായി ബന്ധപ്പെട്ട ആഗോള തലത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമാണ്.

 

 

ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്.

 

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

 

കൗൺസിലർ ആർ സുഗതന്റെ ഹാജർ രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന എൽഡിഎഫ് ആരോപണം തിരുവനന്തപുരം മേയർ വി വി രാജേഷ് തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഫോറൻസിക് പരിശോധനയ്ക്കും സിസിടിവി പരിശോധനയ്ക്കും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡെൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷാനടപടിയുടെ ഭാ​ഗമായാണ് ഏകദേശം 82-ഓളം കുട്ടികളുടെ തല പാതി മുണ്ഡനംചെയ്തതെന്നാണ് പരാതി.

 

സർക്കാർ പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ കോൺഗ്രസിന്‍റെ ദളിത്‌ എംപിയോട് ടിവികെ എംഎൽഎ അപമര്യാദയായി പെരുമാറി. ക്രിസ്റ്റഫർ തിലക് എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി എൻ വിജി എംഎൽഎ നിലത്തിടുകയായിരുന്നു.

 

രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റ​ഗ്രാം റീൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ​ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാൻ പട്ടേലി(47)നെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീർ സിംഗ് ഗുമാനെതിരായ ആരോപണങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

 

ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നൽകിയ മൊഴിയായാണ് ഇവ പുറത്തു വന്നത്.

 

ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി. പെരിയപട്ടണയിൽ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ഒരു കർഷകൻ വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സമീപിച്ചത്. ​

 

 

എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ കൊച്ചി-ബാങ്കോക്ക് ഉൾപ്പെടെ 40-ലധികം പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. പ്രതിദിനം 585 വിമാന സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *