സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് തിയതി അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചുവടും സത്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു’, എന്ന ടാഗ് ലൈനോടെയാണ് ആരം തിയറ്ററിലെത്തുക. രാജേഷ് പരമേശ്വരന് സംവിധാനം ചെയ്യുന്ന ചിത്രമത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
