എച്ച്1എന്‍1 കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവ്, ഈ വൈറസ് ബാധ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ന്യുമോണിയ. ശ്വാസംമുട്ടല്‍, മാറാത്തതോ കൂടിക്കൂടി വരുന്നതോ ആയ പനി, മൂര്‍ച്ഛിക്കുന്ന ചുമ, നെഞ്ചുവേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, അമിതമായ ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, ഓക്സിജന്‍ അളവ് കുറയുക, ചുണ്ടുകളിലോ വിരല്‍ത്തുമ്പുകളിലോ നീലനിറം പടരുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഈ ലക്ഷണങ്ങളെ ഗൗരവമായി കാണേണ്ടതും, വൈറസ് ബാധയ്ക്കു ശേഷമുള്ള ഈ ആരോഗ്യപ്രശ്നം വഷളാകുന്നത് തടയാന്‍ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്. എച്ച്1എന്‍1 ശ്വസനവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും വൈറല്‍ ന്യൂമോണിയ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ ഫ്ലൂ ബാധയ്ക്ക് ശേഷം ശ്വാസകോശത്തില്‍ നേരിട്ട് ബാക്ടീരിയല്‍ അണുബാധയുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എച്ച്1എന്‍1ന് ശേഷമുണ്ടാകുന്ന ന്യൂമോണിയ ആശങ്കാജനകമാണ്. കാരണം ഇത് ആശുപത്രിവാസം, ഗുരുതരമായ സാഹചര്യങ്ങളില്‍ മരണം എന്നിവയിലേക്ക് വരെ നയിച്ചേക്കാം. വൈറസ് ബാധ ശ്വാസനാളത്തിന് കേടുപാടുകള്‍ വരുത്തുകയും ശ്വാസകോശത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ശ്വാസകോശ കലകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് ഓക്സിജന്‍ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും, അതുവഴി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കുകയും ചെയ്യുന്നു.
