ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ‘ദ് ഒഡീസി’ ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓപ്പണിങ് ഡേയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 20.76 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. ഇതില്‍ നികുതി കഴിഞ്ഞ് 17.40 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍. ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് മാത്രം 13.75 കോടി രൂപ നെറ്റ് കളക്ഷനായി ലഭിച്ചപ്പോള്‍ ഹിന്ദി പതിപ്പ് 1.90 കോടി രൂപയും തെലുങ്ക് 1.10 കോടി രൂപയും തമിഴ് പതിപ്പ് 65 ലക്ഷം രൂപയും നേടി. ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോയ് യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ രാജ്യമായ ഇത്താക്കയിലേക്ക് നടത്തുന്ന പത്ത് വര്‍ഷം നീണ്ട സാഹസികമായ മടക്ക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മാറ്റ് ഡാമണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആനി ഹാതവേ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
