WhatsApp Image 2026 07 02 at 1.32.53 PM

വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നും പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും.

‎വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുന്നത്.

 

‎വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ടി സിദ്ദിഖ്. മഴ മുന്നിൽ കണ്ട് ക്രമീകരണം ഒരിക്കിയില്ല. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

‎വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കി. മണ്ണ് മാറ്റിയെന്നും സർക്കാർ തലത്തിൽ നിർദേശം കിട്ടിയ ഉടനെ മണ്ണ് നീക്കം ചെയ്യുന്നത് തുടങ്ങിയിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.

‎വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയിലൂടെ കൊടുംപാതകമാണ് ഉത്തരവാദപ്പെട്ട കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തതെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

‎വിഴിഞ്ഞം ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂ‌ൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

‎വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്‌ അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

‎ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ്. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് നൽകിയിട്ടുള്ള ഇൻഷുറൻസ് ഈ വാഹനത്തിനുണ്ടെന്ന് എം വി ഡി അറിയിച്ചു.

‎ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി.

‎അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

‎കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിൾ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്തു.

‎തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും മേയര്‍ വി വി രാജേഷ്. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ സിപിഎം തന്നെ മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‎സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ലഹരിവ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ പൊതുസമൂഹവും അണിനിരക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

‎ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

‎ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‎ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപി ച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീര്‍ (39) ആണ് പിടിയിലായത്.

‎വീണ്ടും അവയവദാനം. ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. വിഷ്ണുവിൻറെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

 

‎ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

‎തെലങ്കാനയിൽ മുതിർന്ന എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ മന്ത്രി കൊണ്ട സുരേഖ. തൻ്റെ അധികാരം മറികടന്ന്, മുൻകൂട്ടി അറിയിക്കാതെ എൻഡോവ്മെന്‍റ് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കടിയം ശ്രീഹരി എംഎൽഎ വിളിച്ചു ചേർത്തെന്നാണ് പരാതി.

‎രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് 2.0, പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്റ്റ്സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

‎പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും ഉയർന്നിരിക്കെ ഹോർമുസ് കടലിടുക്കിന് സമീപം ഒൻപത് ഇന്ത്യൻ കപ്പലുകൾ അവശേഷിക്കുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇവയിലായി ആകെ 198 ഇന്ത്യൻ ജീവനക്കാരാണുള്ളത്.

‎ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം. തെക്കന്‍ ഇറാനിലെ സിരിക്കിലും ഖഷാമിലും സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായാണ് അമേരിക്കന്‍ ആക്രമണം.

 

‎ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന 3-2 ന്റെ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേർന്ന് കൊള്ളയടിക്കുകയായിരുന്നു എന്നാണ് ആരോപണം. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ പരാതികളാണ് ഉയരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *