സാധാരണയില്‍ കൂടുതല്‍ മുടി കൊഴിയുകയോ, മുടിയുടെ കട്ടി കുറഞ്ഞു വരുന്നതായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. പാരമ്പര്യവും ചില രോഗങ്ങളും ഇതിന് കാരണമാകാമെങ്കിലും, നമ്മള്‍ അറിയാതെ ചെയ്യുന്ന ചില ദൈനംദിന ശീലങ്ങള്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. മുടി നന്നായി വളരുന്നതിന് പ്രോട്ടീനുകള്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ആവശ്യമാണ്. പെട്ടെന്ന് തടി കുറയ്ക്കാനായി കഠിനമായ ഡയറ്റിംഗ് നോക്കുകയും കലോറി കുറയ്ക്കുകയും ചെയ്യുമ്പോള്‍ അത് മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. മുടി മുറുക്കിക്കെട്ടുന്നത് മുടിയുടെ വേരുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. സ്ഥിരമായി ഹീറ്റിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നതും കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതും മുടിയുടെ സ്വാഭാവിക ഘടന നശിക്കാന്‍ കാരണമാകും. തലയോട്ടിയില്‍ അമിതമായി എണ്ണമയം പറ്റിപ്പിടിക്കുന്നത്, അന്തരീക്ഷത്തിലെ പൊടിയും അഴുക്കും, ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ അടിഞ്ഞുകൂടുന്നത് തലയോട്ടിയില്‍ ചൊറിച്ചിലിനും അണുബാധയ്ക്കും കാരണമാകും. ഇത് മുടിയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ കഴിക്കുന്ന മറ്റ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കൊണ്ടാണോ മുടി കൊഴിയുന്നത് എന്ന് തിരിച്ചറിയാന്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
കഠിനമായ ഡയറ്റിംഗ് മുടി കൊഴിച്ചിലിന് കാരണമാകാം
