സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി ശ്രീലങ്കന്‍ കേന്ദ്രബാങ്ക്. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മുഖ്യ പലിശനിരക്കായ ഓവര്‍നൈറ്റ് പോളിസി റേറ്റ് ഒറ്റയടിക്ക് 100 ബേസിസ് പോയിന്റ് (1 ശതമാനം) വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ പലിശനിരക്ക് 7.75 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രിക്കാനും മൂല്യം ഇടിയുന്ന ശ്രീലങ്കന്‍ രൂപയെ താങ്ങിനിര്‍ത്താനുമാണ് ഈ അടിയന്തര നീക്കം. രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം മാര്‍ച്ചിലെ 2.2 ശതമാനത്തില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ 5.4 ശതമാനമായി കുതിച്ചുയര്‍ന്നു. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് അവസാന വാരത്തെ അപേക്ഷിച്ച് ശ്രീലങ്കന്‍ രൂപയുടെ മൂല്യത്തില്‍ 8.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തില്‍ 3.8 ശതമാനത്തിന്റെ കുറവുണ്ടാവുകയും, ഇത് 6.7 ബില്യണ്‍ ഡോളറായി താഴുകയും ചെയ്തു.
