2026 സാമ്പത്തിക വര്‍ഷത്തില്‍ 144 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്ത് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ അപേക്ഷകളാണിത്. ഭാവി സാങ്കേതികവിദ്യകള്‍, വാഹന സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക, വാഹനത്തിനുള്ള ചിലവ് കുറക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യയിലൂന്നിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു പല പകര്‍പ്പവകാശ അപേക്ഷകളും. ഈ സാമ്പത്തികവര്‍ഷം തന്നെ 21 ഡിസൈന്‍ അപേക്ഷകളും 35 പകര്‍പ്പവകാശ അപേക്ഷകളും ടാറ്റ മോട്ടോഴ്സ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ 15 പേറ്റന്റുകള്‍ കൂടി ലഭിച്ചതോടെ ആകെ പേറ്റന്റുകളുടെ എണ്ണം 650 കടന്നതായും കമ്പനി അറിയിച്ചു.
