ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന രക്തപരിശോധന വികസിപ്പിച്ച് യുകെയില്‍ നിന്നുള്ള ഗവേഷകര്‍. രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ മെച്ചപ്പെടുത്താനും ലങ്കാന്‍സീക്ക് എന്ന് വിളിക്കുന്ന എഐ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യയാണ് ഈ പരിശോധനയില്‍ ഉപയോഗിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ്, കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നില്‍. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫിംഗര്‍പ്രിന്റാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍ ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങളില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 1,814 പേരാണ് പഠന വിധേയമായത്. ഇതില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമാണ്. എഐയുടെ സഹായത്തോടെ ലങ്കാന്‍സീക്ക് പരിശോധനയില്‍ പോസിറ്റീവ് ആയവരെ പിന്നീട് കുറഞ്ഞ ഡോസ് സിടി സ്കാന്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിച്ചു. ഈ നൂതന സമീപനം ഡോക്ടര്‍മാരെ ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്താനും അനാവശ്യ സ്കാനുകള്‍ കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്താം
