തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീൺ റോസ്ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്.
കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.
കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് വിവരങ്ങൾ. വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു.വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ അധികൃതരുമായി വാക്കുതർക്കത്തിലാണ്.
ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്നാണ് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോൺ വഴി വിശദാംശങ്ങൾ ചോദിച്ചിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി.
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി എത്തിയത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജനുവരി 8, 9 തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്‍റെ അനുജനാണെന്നുള്ള ആരോപണം തിരുത്തി സിപിഎം നേതാവ് കെ എസ് അരുൺകുമാർ. ഇന്നലെ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിൽ തെറ്റുപറ്റി എന്നറിഞ്ഞപ്പോള്‍ തന്നെ അത് തിരുത്തുകയും പിൻവലിക്കുകയും ചെയ്തുവെന്ന് അരുൺകുമാര്‍ വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്‌ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കെതിരായ നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കിഫ്‌ബിക്കെതിരായ നോട്ടീസ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ ഇന്നലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.
വി സി നിയമനത്തിൽ ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അതൃപ്തി. മുഖ്യമന്ത്രിയുടെ നിർബന്ധത്തിൽ അവ്യക്തത ബാക്കി നില്‍ക്കെയാണ് വഴങ്ങൽ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയര്‍ന്നത്. വി സി നിയമനത്തിൽ സുപ്രീംകോടതിയുടെ നിലപാട് ഗവർണർക്കാണ് തിരിച്ചടി ആകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. വഴങ്ങിയില്ലെങ്കിൽ സർക്കാറിന് നേട്ടമാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ പോലീസ് കേസെടുത്തു. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി. മാർട്ടിൻ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയിൽ അതിജീവിതയുടെ പേര് പരാമർശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതി മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഐടി നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര വിലക്കിന് വഴങ്ങി കേരളം. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾക്കാണ് കേന്ദ്രം വിലക്ക് നൽകിയിരിക്കുന്നത്. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങൾക്കാണ് വിലക്ക് നൽകിയിട്ടുള്ളത്. ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം നൽകി. ഈ ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിരിക്കുന്നത്.
ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിർമ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നല്‍കിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്.
വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകും.
പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. വീടുകൾ കയറി വിവരശേഖരണം നടത്തി എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാൻ ഇന്ന് കൂടിയാണ് സമയമുണ്ട്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷൻ 100 ശതമാനത്തിനടുത്ത് പൂർത്തിയായി. കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ മുഴുവൻ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേർത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.
മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു. ലീഗ് മലപ്പുറം പാർട്ടിയെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതിലെല്ലാം ഉറച്ച് നിൽക്കുകയാണെന്നും എന്നും അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം തെന്നലയിൽ കാര്‍ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ തട്ടിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ. കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലിയാണ് അറസ്റ്റിലായത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് സാദിഖ് അലി. കവര്‍ച്ചയ്ക്ക് പ്രതികൾ എത്തിയ കാര്‍ വാങ്ങി നൽകിയതും സാദിഖാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്ക് പിന്നാലെ ഒളിവിലായിരുന്നു സാദിഖ് അലി. ഓഗസ്റ്റ് 14 നായിരുന്നു തെന്നല സ്വദേശികളുടെ പണം തട്ടിയത്.
അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമ്മാടം ആലുക്കകുന്ന് സ്വദേശി കരിയാട്ടിൽ വീട്ടിൽ ബിജു (52)വിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് രാത്രി 08.15ഓടെ അമ്മാടം ആലുക്കകുന്ന് സ്വദേശി നെല്ലത്ത് വീട്ടിൽ ബാബു (55) നെയാണ് തലയിൽ കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച് മാസങ്ങൾക്ക് ശേഷം, നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട്ടിൽ തൻ്റെ ആദ്യ പൊതുപരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച ഈറോഡിൽ നടക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയോടെയാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്. മുൻ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ശക്തനായ കെ എ സെങ്കോട്ടയ്യൻ നേതൃത്വം നൽകുന്ന പരിപാടിക്ക് പെരുന്തുറയിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വേദിയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി.
ഹിന്ദു മതം പരമോന്നതമാണെന്നും പരിസ്ഥിതിപരമായ കാരണങ്ങാൾ ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണമെന്നും മുതിർന്ന ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബാലെ. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ നടന്ന ഒരു പരിപാടിയിലാണ് ആർഎസ്എസ് നേതാവിന്‍റെ വിവാദ പരാമർശം. മുസ്ലീം സഹോദരങ്ങൾ സൂര്യനമസ്കാരം ചെയ്യണമെന്നും ദത്തത്രേയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്ടാവും പ്രശസ്ത ഇന്ത്യൻ ശില്പിയുമായ രാം സുതാർ (100) അന്തരിച്ചു. നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു.
കർണ്ണാടകയിലെ ഉഡുപ്പിയിൽ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവർ കുറിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ സംഭവത്തിൽ മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നതായി കുടുംബം. നിയമനക്കത്ത് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാർ നുസ്രത്തിന്റെ മുഖാവരണം നീക്കിയത്. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന് നുസ്രത്ത് അറിയിച്ചതായി കുടുംബം അറിയിച്ചു. നുസ്രത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.
ഒരു പൊതുപരിപാടിക്കിടെ മുസ്ലീം സ്ത്രീയുടെ മുഖാവരണം അഴിച്ചുമാറ്റിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജമ്മു കശ്മീരിൽ വാക്പോര്. വർഷങ്ങൾക്ക് മുമ്പ് വോട്ടറുടെ ബുർഖ അഴിച്ചുമാറ്റിയതിലൂടെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സമാനമായ “മതേതര പ്രവൃത്തി” ചെയ്തതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു.
30 വർഷം മുമ്പത്തെ ഭവന കുംഭകോണ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കായിക മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. സംഭവം മഹായുതി സഖ്യത്തിനുള്ളിൽ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന കൊകാതെ, അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.നാസിക് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സർക്കാർ പ്രഖ്യാപിച്ച കർശനമായ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ബിഎസ്-6 എഞ്ചിൻ മാനദണ്ഡം നിർബന്ധമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ പ്രധാനം. ഇതോടൊപ്പം, സാധുവായ പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിലെ സർവകലാശാലയിൽ പുരാതന ഭാഷയായ സംസ്‌കൃതം പഠിപ്പിക്കുന്നു. ദി ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) സർവകലാശാലയിലാണ് സംസ്കൃത ഭാഷയും മഹാഭാരതവും ഗീതയും തുടങ്ങിയ ഹിന്ദു പുരാണങ്ങളെയും ഉൾപ്പെടുത്തി കോഴ്‌സ് ആരംഭിച്ചത്.
കർണാടകയിലെ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതി പ്രകാരം നാല് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് 4,000 കോടിയിലധികം രൂപ കുടിശ്ശികയായി നൽകാനുണ്ടെന്ന് കർണാടക സർക്കാർ. ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ കർണാടക സർക്കാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കർണാടകയിലെ കാർവാർ തീരത്ത് ചൈനീസ് നിർമ്മിത ജിപിഎസ് ഉപകരണം ഘടിപ്പിച്ച നിലയിൽ ഒരു ദേശാടന പക്ഷിയെ കണ്ടെത്തി. ഇത് വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ അതീവ തന്ത്രപ്രധാനമായ ഐഎൻഎസ് കദംബ നാവികത്താവളത്തിന് തൊട്ടടുത്താണ് ഈ കടൽപക്ഷിയെ കണ്ടെത്തിയത് എന്നത് സുരക്ഷാ ഏജൻസികളിലും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
