കേരളത്തിൽ ഇന്നും നാളെയും സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെ ന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കേരളത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലക്ക് ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നുവെന്ന് റിപ്പോർട്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റാണ്.
പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കെ.എസ്.ഇ.ബി തയ്യാറാകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സൈബർ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും, സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. വീണയുടെ കൈയിൽ നിന്നു ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം. പി വി എന്നത് താൻ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഏജൻസി ഒരു അന്തസ്സ് കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് ഇഡി ഡിജിപിക്ക് നൽകിയതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും ഇടത് രാഷ്ട്രീയമാണെന്നും പറഞ്ഞ ബിനോയ് വിശ്വം പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.
പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോൾ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. I
കാലിക്കറ്റ് സർവകലാശാലയിൽ ടെലിസ്കോപ്പ് കാണാതായതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും മോഷണം പോയതായി പരാതി. ഹിന്ദി വിഭാഗത്തിലും ലൈബ്രറിയിലുമായി സ്ഥാപിക്കുന്നതിനായി എത്തിച്ച എസികളുടെ ഉള്ളിലെ കോപ്പറാണ് കാണാതായത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റോബോട്ടുകൾ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലുള്ള കലാങ്കണത്തിൽ ഒരു റോബോട്ട് പ്രവർത്തനം ആരംഭിച്ചു.
പന്തളം എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. അപസ്മാരബാധയെ തുടർന്നാണ് ബന്ധുക്കൾ ചേർന്ന് നൂറനാട് സ്വദേശിയായ 69 വയസുള്ള വിജയലക്ഷ്മിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്മ എന്നിവരുടെയും കേസിലെ അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്.
തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം. അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അതോടൊപ്പം കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി.
മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.
പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് മോഷണംനടന്നത്. ഇന്ന് രാവിലെ മേൽശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികനായ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.30 വയസായിരുന്നു അദേഹത്തിന്.
അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗർഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.
പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോർട്ട്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്നും മൊബൈൽഫോൺ പിടിച്ചെടുത്തത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന് ദില്ലിയിൽ ഊഷ്മള സ്വീകരണം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിൽ എത്തുന്നത്. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടന്നിരുന്നു.
പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നരീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദുർഗ്ഗാ പൂജയുടെയും നവരാത്രിയുടെയും സമയത്ത് ബംഗാളികൾ മാംസാഹാരം കഴിക്കരുതെന്ന ബാഗേശ്വർ ബാബയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുവേന്ദു അധികാരി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപനിലയത്തിലെ ഒരു യൂണിറ്റിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വെള്ളിയാഴ്ച ഉണ്ടായ ഈ തിരിച്ചടിയോടെ രാജ്യത്തുടനീളം ലോഡ്‌ഷെഡ്ഡിങ് വർധിച്ചിരിക്കുകയാണ്.
സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഇറാഖ് ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് പൈപ്പ് ലൈനിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സൗദി അറേബ്യക്കെതിരായഡ്രോൺ ആക്രമണത്തിന്പിന്നാലെ സൈനിക കമാൻഡറെ പുറത്താക്കി ഇറാഖ്. തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെയാണ് സേനയിൽനിന്ന് പുറത്താക്കിയതെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസ് അറിയിച്ചു.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ എന്നിവയും, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമവായമുണ്ടാക്കാനും ശ്രമമുണ്ടാകും.
മദ്ധ്യാഹ്ന വാർത്തകൾ
