Untitled design 20250112 193040 0000

രാത്രി വാർത്തകൾ

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയുടെ അപ്പീല്‍. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനാണ് ഇഡി അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തൽ.

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്ന് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശം.

ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.

ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാർക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവർത്തിക്കരുത് എന്നാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. ഐജിയുടെ സന്ദർശനത്തിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ട്‌ പരിഗണിച്ചാണ് കോടതി ഇടപെടൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയതായി പരാതികളുണ്ടെന്നും എംവി ശ്രേയാംസ്‍കുമാര്‍ ആരോപിച്ചു. എൽഡിഎഫിൽ തന്നെ ആര്‍ജെഡി തുടരുമെന്നും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍. നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ തീരുമാനം. വിചാരണ കോടതി വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചശേഷമായിരിക്കും അപ്പീൽ ഫയൽ ചെയ്യുക. അതിനുള്ളിൽ അപ്പീൽ ചെയ്യാനുള്ള മറ്റു നടപടികള്‍ അതിനുള്ളിൽ പൂര്‍ത്തീയാക്കും. വിചാരണ കോടതിവിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം

സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക. തൃശൂർ റെയിഞ്ച് ഡിഐജി പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. ഓണ്‍ലൈനിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദീദി.

വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു.

വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗൺസിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.

സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ. മൂന്ന് വാർഡുകളിലാണ് തദ്ദേശ തെര‍ഞ്ഞെടുപ്പ് നടക്കാനുള്ളത്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

പോറ്റിയേ കേറ്റിയെ’ പാരഡി ​ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു.

പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ സിപിഎം എന്ന ചോദ്യവുമായി കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പിസി വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്.

പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിർമിച്ചതെന്ന വിവരാകാശ രേഖ ഈയിടെ പുറത്തുവന്നിരുന്നു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി സന്ദർശനം നടത്തിയത്.

പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷിനെ സംഭവ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മിൽ ചേർന്ന തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ച് പ്രതികാരമെന്ന് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നു.

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് പാര്‍ലമെന്‍റിൽ ഇക്കാര്യം വ്യക്തമാക്കിയത്.യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.

പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ ലോക്സഭയിൽ പരി​ഗണിക്കുന്നു. രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ​ഗ്രാമവികസനം രാമന്റെ ആ​ഗ്രഹമ‌മെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രം​ഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം.

പുതുവർഷത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകിക്കൊണ്ട് സിഎൻജി, ഗാർഹിക ആവശ്യത്തിനുള്ള പിഎൻജി എന്നിവയുടെ വിലയിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപനം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ച താരിഫ് ഏകീകരണ നടപടികൾ 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് രണ്ട് മുതൽ മൂന്ന് രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് പിഎൻജിആർബി അംഗം എ കെ തിവാരി പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിന് പിന്നാവെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. താൻ എന്തിന് മാപ്പ് പറയണമെന്നും ഭരണഘടന തനിക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘർഷത്തിൽ നിരവധി ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാൻ പറഞ്ഞു.

ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കൺഫേം ആയോ എന്ന് അറിയാൻ സാധിക്കും.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MNREGA) പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ജവാഹർലാൽ നെഹ്‌റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും എൻഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബോണ്ടി ബീച്ചിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്‌നിയിലും പരിസരങ്ങളിലും നാട്ടുകാർ തോക്ക് വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്പലരും ഒരേ ലൈസൻസിൽ ഒന്നിലധികം തോക്കുകൾ വാങ്ങുന്നതായാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.

പലസ്തീനെ രാജ്യമായി ഓസ്‌ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *