കാല്‍ വിരലുകളിലെ രോമങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഡോ. ശ്രദ്ധേയ് കത്യാര്‍. കാല്‍ വിരലുകളില്‍ കാണപ്പെടുന്ന രോമങ്ങളുടെ ഡെന്‍സിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ശരീരത്തില്‍ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാല്‍ വിരലുകളിലെ രോമവളര്‍ച്ച. മുടിയിഴകള്‍ക്ക് ജീവനോടെയിരിക്കാന്‍ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇന്‍സുലിന്‍ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയര്‍ന്ന ഇന്‍സുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നും ഡോക്ടര്‍ പറഞ്ഞു. രക്തചംക്രമണം കുറയുമ്പോള്‍, കാല്‍വിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യും. പ്രമേഹ രോഗത്തിനും ആദ്യകാല പെരിഫറല്‍ ആര്‍ട്ടറി മാറ്റങ്ങളിലും ഇത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഈയൊരു സൂചനവെച്ച് മാത്രം രോഗനിര്‍ണയം നടത്താനാകില്ല. എന്നാല്‍, തണുത്ത പാദങ്ങള്‍, മരവിപ്പ് അല്ലെങ്കില്‍ തരിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലില്‍ മുടിയില്ലാത്തതും ശ്രദ്ധയില്‍പ്പെടുകയാണെങ്കിലും ഒരു വിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
