ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ മോദിയോട് പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം തീർക്കാനുള്ള ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിർദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിൻ നല്കിയത്.
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിന് ഇന്നു രാവിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പു നല്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യൻ തർജ്ജുമ സമ്മാനിച്ചു. ഇന്ന് വ്യവസായികളെ രണ്ടു നേതാക്കളും ചേർന്ന് കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം 9 മണിക്ക് പുടിൻ റഷ്യയിലേക്ക് മടങ്ങും.
പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളിൽ ഇന്ത്യയും റഷ്യയും വൈകാതെ ഒപ്പു വയ്ക്കും. ഹൈദരാബാദ് ഹൗസിലെ ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങൾ ചർച്ചയാകും. സൈനിക സഹകരണം കൂട്ടാൻ ധാരണയുണ്ടാകും. ബഹികാരാകാശ, എഐ മേഖലകളിലുൾപ്പടെ യോജിച്ച നീക്കങ്ങൾക്ക് കരാർ ഒപ്പു വയ്ക്കും എന്നാണ് വിവരം.
സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികൾ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
കേരളത്തിലെ വിസി നിയമന കേസിൽ കർശന താക്കീതുമായി സുപ്രീംകോടതി. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചുവെന്ന് ഗവർണർക്കു വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയിൽ കുറ്റപ്പെടുത്തി. വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല. അതേസമയം
വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ ആക്ഷേപമുന്നയിച്ച് മുഖ്യമന്ത്രി. മുൻഗണന പട്ടിക സര്‍ക്കാര്‍ നൽകിയത് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ്. ആ നിര്‍ദേശം ഗവര്‍ണര്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപെടലിൽ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്‍റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്നും ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി.
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.
ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മാത്യു കുഴൽനാടൻ. മിനിമോഹൻ മോഹൻ എന്ന ഫെയ്സ്‌ബുക് പ്രൊഫൈൽ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച കുറിപ്പിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ സെലിബ്രിറ്റി രാഷ്ട്രീയക്കാരനെന്ന് പരോക്ഷമായി വിമർശിക്കുന്നു. സഹപ്രവർത്തകന്റെ വീഴ്ചയിൽ ഉള്ള വേദന പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ, രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയെന്നും അറിഞ്ഞും വളർത്തിയവർ മിണ്ടാതിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയില്‍ ആരോപിക്കുന്നത്. ഐഎജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ആക്ഷേപം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും കെ ജയകുമാർ പറയുന്നു. എന്നാൽ ജയകുമാറിനെ ദേവസ്വം പ്രസിഡന്‍റാക്കിയത് സര്‍ക്കാരിന്‍റെ തീരുമാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബി അശോകിന്‍റെ ഹര്‍ജി അസാധാരണ നടപടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയകുമാര്‍ വിരമിച്ച ഉദ്യോഗസ്ഥനാണ് സര്‍വീസിന്‍റെ ഭാഗമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൻ തോക്കുകൾ വരാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ബിജെപി-സിപിഎം അവിഹിത ബന്ധം പുറത്തായി എന്നും പ്രതിപക്ഷം പറഞ്ഞത് ശരിയായി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീൻ ഇന്നലെ നിരസിച്ചിരുന്നു.
ശബരിമല സ്വർണകേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ഇതിനിടെ, ശബരിമല സ്വര്‍ണ കൊള്ളയിലെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു.
കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹിമാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു.
കൊച്ചി പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.
താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക.
തിരുവനന്തപുരത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുന്‍ കൗൺസിലർ ഒരു ദിവസം കഴിഞ്ഞപ്പോൾ ബിജെപിയിൽ തന്നെ തിരിച്ചെത്തി. പൂജപ്പുര വാർഡിലെ മുന്‍ കൗൺസിലറും ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമായ ബി വിജയലക്ഷ്മിയാണ് ബി ജെ പിയിലേക്ക് തിരിച്ചെത്തിയത്. അതേസമയം ബുധനാഴ്ച കെ മുരളീധരന്‍റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി ഡിസിസി ഓഫീസില്‍ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോൺഗ്രസിൽ ചേർന്നെന്ന് വ്യാജവാർത്ത വരുത്തിയെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്.
കേരള പത്രപ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു.
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയതെന്നാണ് വിവരം.
ഇൻഡിഗോയുടെ നൂറുകണക്കിന് വിമാന സർവീസുകൾ അപ്രതീക്ഷിതമായ കൂട്ട റദ്ദാക്കലുകൾക്ക് ഒപ്പം മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കൂടി ആയതോടെ വലിയ പ്രതിഷേധങ്ങൾ പലയിടത്തും ഉയരുകയാണ്. യഥാർത്ഥ കാരണം എന്തെന്ന് അധികൃതർ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. അതേസമയം രാജ്യത്തുണ്ടായ വിമാന സർവീസ് പ്രതിസന്ധി, കേന്ദ്രസർക്കാറിന്റെ കുത്തക വൽക്കരണത്തിന്റെ ഫലമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റിൽ വിമർശിച്ചു.
അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുറംചട്ടയിൽ എഴുത്തുകാരി സിഗരറ്റ് വലിക്കുന്ന ചിത്രം ചേർത്തത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ചീഫ് ജസ്ററിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. പുറംചട്ടയിലെ ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും, അത് പുസ്തകത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബലൂച് ലിബറേഷൻ ഫ്രണ്ട് ആദ്യമായി വനിതാ ചാവേർ ഓപ്പറേറ്റീവിനെ ഉപയോഗിച്ച് ആക്രമണം നടത്തി. ചൈനീസ് കോപ്പർ, സ്വർണ്ണ ഖനന പദ്ധതി കേന്ദ്രമായ ചാഗൈയിലുള്ള അതിസുരക്ഷാ സംവിധാനങ്ങളുള്ള ഫ്രോണ്ടിയർ കോർപ്‌സ് കോംപ്ലക്‌സ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകുന്നേരം നടന്ന ഈ ആക്രമണത്തിൽ ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നവംബർ 13-ന് എട്ട് പേർ മരിക്കുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ അപകടത്തെ തുടർന്ന് 30 കിലോമീറ്ററായി കുറച്ച വേഗപരിധി പരിഷ്കരിച്ച് പൂനെ സിറ്റി ട്രാഫിക് പോലീസ്. ഇപ്പോൾ 40 കിലോമീറ്ററായാണ് വേഗപരിധി പരിഷ്കരിച്ചിരിക്കുന്നത്. റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ അവലോകനത്തിനും ഗതാഗത ഡാറ്റ വിശകലനം ചെയ്തതിനും ശേഷമാണ് വേഗപരിധി ഉയർത്തിയത്.
കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവെ ഹിന്ദി അറിയില്ലെന്ന കാരണത്താൽ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന വ്യക്തമാക്കി. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും തന്റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തിന്റെ യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
പുകയില ഉത്പന്നങ്ങൾക്ക് മേൽ ഉയർത്തിയ തീരുവ ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത് സെസ് അല്ല എക്സൈസ് ഡ്യൂട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പുകയില കർഷകരെയും ബീഡി തൊഴിലാളികളെയും ബിൽ ദോഷകരമായി ബാധിക്കില്ല. രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റർ ചെയ്ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിൽ മാത്രമായി പ്രവർത്തിക്കുന്ന ഇസ്രയേലുമായി സഹകരിക്കുന്ന ഹമാസ് വിരുദ്ധ, പോപ്പുലർ ഫോഴ്‌സസ് നേതാവായിരുന്നു ഇദ്ദേഹം
