കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി. മുഴുവന്‍ സമയ അധ്യക്ഷന്‍ വരണമെന്ന ആവശ്യം ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ ഉന്നയിച്ചു. എംപി സ്ഥാനം പാര്‍ട്ടി പ്രസിഡന്‍റ് പദവിക്ക് അയോഗ്യതയല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പിന്നാലെ മുഖ്യമന്ത്രിയ കണ്ട ശേഷം കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിക്കും. ഈ മാസം ഒൻപതിന് വൈകുന്നേരം ഏഴുമണിക്ക് മാസ്കറ്റ് ഹോട്ടലിലെ ചടങ്ങിലാണ് പ്രഖ്യാപനം നടക്കുക. ചടങ്ങിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.
കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) നിഷേധിച്ചില്ല. ഓഗസ്റ്റ് 30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത നടത്തിയ വിമർശനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കാനുള്ള ഭയം മൂലമാണ് മുഖ്യമന്ത്രിക്ക് നിലപാടെടുക്കാൻ കഴിയാത്തതെന്നും അദ്ദേഹം ആരോപിച്ചു.
പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക ശുപാർശ സർക്കാർ ഇതുവരെ പിഎസ്‍സിക്ക് കൈമാറിയില്ല. തെരഞ്ഞെടുത്ത 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ കത്തയച്ചു.
ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ 2010ലെയും 2020ലെയും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു.
ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്നാണ് കത്ത് സമർപ്പിച്ചത്. 21/5/2026 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം.
മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് ആണ് കേസടുത്തത്.
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് സുധീർ കുമാറിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയിൽ നടന്നെന്നാണ് കേസ്. തട്ടിപ്പിനിരയായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വൻ ക്രമക്കേട് പുറത്തായത്.
കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ തെളിവെടുപ്പിനായി പ്രതികളെ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി, കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കം കര്‍ശന ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയുടെ ഭാഗത്ത് പരിചരണത്തിലോ സുരക്ഷയിലോ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊച്ചിയിൽ കൈക്കൂലി കേസിൽ വിജിലൻസിന്‍റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തിൽ ഇടനിലക്കാരനായ മുൻ റവന്യു ഉദ്യോഗസ്ഥൻ എൻ കെ കൃപയെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടി വിജിലൻസ്. വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ കോടതി നാളെ പരിഗണിക്കും.
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. തൊടുപുഴ മുതലക്കൊടത്ത് ആണ് സംഭവം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്‌റ്റേഷനിൽ എത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധവും പിടികൂടുകയായിരുന്നു.
തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബെൻ ആണ് അറസ്റ്റിൽ ആയത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയിൽ കാട്ടാൻകുളത്തൂരിൽ ഉണ്ടായ അപകടത്തിൽ 28കാരനായ ഇരയിൻപ് ആണ് മരിച്ചത്. മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്.
തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും.
ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ മഹേഷ്, ഭാര്യ ഊർമ്മിള എന്നിവരാണ് പിടിയിലായത്. കെട്ടിടം ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. വൈദ്യുതി കണക്ഷൻ മകൻ്റെ പേരിലാണ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ദില്ലി പൊലീസ് രാജസ്ഥാനിലെ ഭിവണ്ടിയിൽനിന്ന് പിടികൂടി.
മുംബൈയിൽ തുരങ്കത്തിലൂടെ റേസിങ് നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വാഹനയാത്രികൻ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സെപ്റ്റംബർ മൂന്നിന് രാത്രി 11:15 ഓടെ ആണ് സംഭവം.
അസമിലെ ഗുവാഹത്തിയിൽ നാടിനെ നടുക്കി അരുംകൊല. ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിന് മുമ്പാകെ കീഴടങ്ങി. യുവതിയുടെ തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.
2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ പേർ രാജിവെച്ചത്. രാജി സമർപ്പണത്തിൻ്റെ നടപടിക്രമങ്ങളും ഷാ ഫൈസലിൻ്റെ കേസും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
