എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂർക്കടയിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്ഐടിയിൽ ഉൾപ്പെടുത്തിയത്. ശിവകുമാർ ഇന്നലെ എസ്ഐടിക്കൊപ്പം ചേർന്നു. എന്നാൽ, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിൻവലിക്കുന്നതായി എഡിജിപി അറിയിച്ചു.
വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇഡി. കേരളത്തിലെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പൊതുജനങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 250 രൂപ മുടക്കിയാൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഇരുചക്ര വാഹന യാത്രികരെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ആലപ്പുഴ പറവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി. മുൻ മന്ത്രിയും ആലപ്പുഴയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന് അയച്ച കത്തിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. പറവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് വിഎസിന്റെ പേര് നൽകണമെന്ന് നേരത്തെ ജി സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ സുനിത ഡിക്സൺ ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വമെടുത്തു. മുൻപ് കോൺഗ്രസിലായിരുന്ന സുനിത ഡിക്സൺ 2010 ൽ വൈറ്റിലയിൽ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിജെപിക്കെതിരെ കടുത്ത മുന്നറിയിപ്പും പരിഹാസവുമായി മുതിർന്ന നേതാവ് എംഎസ് കുമാർ. തൻറെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാറിൻ്റെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. താൻ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ എസ് സുരേഷിൻറെ പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിൻ്റെ പ്രതികരണം.
ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പിൽ നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ എം.താര (താര കൃഷ്ണൻ-51) യെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത് എന്നും കുട്ടിയുടെ അമ്മ പറഞ്ഞു .ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല, സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു.
മദർ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാർപാടം ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദർ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കർമലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്
പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് എന്തെങ്കിലും സംഭിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ, അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരേ മുൻ ഡിജിപി ആർ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരേ പാട്ടെഴുതിയതിനാലാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അവർ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് പ്രത്യേകാനുമതിയോടെ വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. മസ്കുലാര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളർന്നിട്ടും, പഠനത്തോടുള്ള അനീഷയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് നൽകുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ മുൻവശത്തെ ഗ്ലാസ് ചില്ലിൽ ഇടിച്ച് പരന്ത് അകത്തേക്ക് വീണതിനെ തുടർന്ന് പൈലറ്റിന് പരുക്കേറ്റു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. ബാരാമുള്ള – ബനിഹാൽ ട്രെയിനിൻ്റെ എഞ്ചിൻ്റെ മുൻവശത്തെ ഗ്ലാസ് ചില്ല് തകർത്താണ് പരുന്ത് അകത്തേക്ക് വീണത്. ബിജ്ബെഹാര റെയിൽവെ സ്റ്റേഷനും അനന്ത്നാഗ് റെയിൽവെ സ്റ്റേഷനും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.
വായു മലീനീകരണം രൂക്ഷമായതോടെ ദില്ലി സർക്കാരിന്റെ കീഴിലുള്ള സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളിൽ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്.
ബിഹാറിലെ സമസ്തിപൂരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത് വിവാദമാകുന്നു. വലിയ അളവിൽ വോട്ടർ വെരിഫൈബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണിതെന്ന് ആര്‍ജെഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുതിയ രാഷ്ട്രീയ വിവാദം തലപൊക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കൊടും ക്രിമിനലുകൾക്കടക്കം പ്രത്യേക പരിഗണനയും സുഖസൗകര്യങ്ങളും നൽകുന്നതിൻ്റെ ജയിലിന് അകത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 20 സ്ത്രീകളെ പീഡിപ്പിക്കുകയും ഇതിൽ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ അടക്കം വീഡിയോ ദൃശ്യങ്ങളാണ് ഇത്.
ഡൽഹിയിൽ ദിനംപ്രതി വായുഗുണനിലവാരം മോശമാകുന്നതിൽ ഡൽഹി സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള തന്റെ ഒരു പഴയ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ച്, ഇപ്പോഴും പോസ്റ്റ് പ്രസക്തമാണെന്ന് കുറിച്ചുകൊണ്ടാണ് തരൂരിന്റെ പരിഹാസം.
മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ഷെയ്ഖ് ഹസീന. ഇന്ത്യ ബംഗ്ലാദേശ് ബന്ധം തകർക്കാൻ ശ്രമം നടക്കുകയാണെന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഷെയ്ഖ് ഹസീന ആരോപിച്ചു. തനിക്ക് അഭയം നൽകിയ ഇന്ത്യയോട് എന്നും കടപ്പാടുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ ബഹിഷ്ക്കരിക്കും. തനിക്കും പാർട്ടിക്കുമെതിരായ കോടതി നടപടികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻപിടിക്കാനായി രാഹുല്‍ഗാന്ധി കുളത്തിലേക്കിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മുന്നോടിയായി സീതാമഡിയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പരിഹാസം.
തീവണ്ടിക്കുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ .നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.സംഭവത്തിൽ പാർട്രികാർ മനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
സിറിയൻ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്കുമേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിന് മേലുള്ള ഉപരോധവും പിൻവലിച്ചു. ഇരുവരേയും അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച വൈറ്റ്ഹൗസിൽ അഹമ്മദ് അല്‍ ഷറയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി.
കിഴക്കന്‍ യുക്രൈനിലെ പോക്രോവ്സ്ക് നഗരം റഷ്യ കീഴടക്കിയതായി റിപ്പോർട്ട്. 21 മാസമായി തുടരുന്ന യുദ്ധത്തില്‍ ഏറെനാളിന് ശേഷം റഷ്യ നേടുന്ന നിര്‍ണായക മുന്നേറ്റമായാണ് ഈ വിജയം കണക്കാക്കുന്നത്. യുക്രൈന്റെ പ്രതിരോധത്തെ തകര്‍ത്ത് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.
വംശഹത്യ ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി. തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രയേല്‍ മറുപടി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലിലെ തിരിച്ചടിയേ തുടർന്ന് പുതിയ സൈനിക തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്താന്. സംയുക്ത കമാന്‍ഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങള്‍ക്കും ഇടയില്‍ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി ‘കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്സസ്’ എന്ന പദവി അവതരിപ്പിക്കാന്‍ പാകിസ്താന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
