ചെന്നൈയില്‍ പുതു തലമുറ എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ 3,250 കോടി രൂപ നിക്ഷേപിക്കാന്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ്. മറൈമലൈ നഗര്‍ ഫാക്ടറിയെ കയറ്റുമതി കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് ഫോഡിന്റെ ശ്രമം. 2029 മുതല്‍ പ്രതിവര്‍ഷം 2,35,000 എന്‍ജിനുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഇതിനെ മാറ്റാനാണ് ഫോഡ് പരിശ്രമിക്കുന്നത്. 2024 സെപ്റ്റംബറില്‍ ഒപ്പുവെച്ച രേഖകളെ അടിസ്ഥാനപ്പെടുത്തി തമിഴ്നാട് സര്‍ക്കാരുമായി ഫോഡ് ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. ഫോഡ് ഇന്ത്യയുടെ പ്രതിനിധികള്‍ ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. ഫോഡിന്റെ തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്കുള്ള പ്രധാന എന്‍ജിന്‍ നിര്‍മാണ കേന്ദ്രമായി മറൈമലൈ നഗര്‍ ഫാക്ടറിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വീണ്ടും മറൈമലൈ നഗര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏത് എന്‍ജിനുകളാണ് നിര്‍മിക്കുന്നത് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോഴും ഫോഡ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴും പത്തു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ഫോഡിനുണ്ട്. സര്‍വീസ്, വാഹന ഭാഗങ്ങള്‍, വാറണ്ടി സപ്പോര്‍ട്ട് എന്നിവയെല്ലാം ഈ ഉപഭോക്താക്കള്‍ക്കായി ഫോഡ് നല്‍കുന്നുമുണ്ട്.
ചെന്നൈയില്‍ 3,250 കോടി രൂപ നിക്ഷേപിച്ച് ഫോഡ്
