കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസര്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ട്.
മെട്രോ റെയിൽ വിഷയത്തിൽ വിശദീകരണവുമായി തൃശൂര് എംപി സുരേഷ് ഗോപി. നെടുമ്പാശ്ശേരി മുതൽ തൃശൂരിന്റെ ഉള്പ്രദേശങ്ങള് കണക്റ്റ് ചെയ്ത് പാലക്കാട് വരെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ആണ് വേണ്ടെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നത്. 2024 ഡിസംബര് 22ന് പങ്കുവെച്ച ഒരു പോസ്റ്റ് സുരേഷ് ഗോപി റീ ഷെയര് ചെയ്തിട്ടുമുണ്ട്. കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചാണ് ആ പോസ്റ്റ്.
പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വിവാദത്തിൽ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് എൽഡിഎഫ് ആയി തന്നെ നിലനിൽക്കും. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. സമവായ നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും ഏറ്റവും ശരിയായ തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്ച്ചകള് തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വെച്ച് ചര്ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്ച്ച നടക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ ദീപശിഖ കൈമാറും. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. എച്ച് സലാം എംഎൽഎ ജി സുധാകരന്റെ വീട്ടിലെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കുന്നതിനായി എച്ച് സലാം വീട്ടിലെത്തിയപ്പോൾ ജി സുധാകരൻ ഉണ്ടായിരുന്നില്ല. തുടർന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടിൽ ഏൽപ്പിച്ച് മടങ്ങുകയായിരുന്നു.
മുട്ടിൽ മരം മുറി കേസിൽ അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുർബലമാക്കുന്നത്. അന്വേഷിക്കുവിൻ, എന്നാൽ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കേസ് സംബന്ധിച്ച പരസ്യ വിമർശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. പ്രമീളയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തില് പാര്ട്ടിക്ക് വിശദീകരണം നല്കി മുനിസിപ്പല് ചെയര് പേഴ്സണ് പ്രമീള ശശിധരന്. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ് വിശദീകരണം. പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രമീള ശശിധരന് വ്യക്തമാക്കി. പ്രമീള ശശീധരനെതിരെ തള്ളി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്ണകുമാർ പക്ഷം രംഗത്ത് വന്നിരുന്നു.
പുതുപ്പള്ളി പഞ്ചായത്തിന്റെ വികസന സദസ് നടന്ന വേദിക്ക് മുന്നിൽ ചാണ്ടി ഉമ്മൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിപാടിയുടെ പോസ്റ്ററിലും പ്രചരണ സാമഗ്രികളിലും അനുവാദമില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നു ആരോപിച്ചായിരുന്നു പ്രതിഷേധം. നിർമ്മാണം നിലച്ചു കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതിരെയും ചാണ്ടി വിമർശനം ഉന്നയിക്കുന്നു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതെ സിവിൽ സ്റ്റേഷൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്റോ അഗസ്റ്റിന്റെ നിലപാടിൽ സംശയമുണ്ട്. കലൂര് സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര് സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്ച്ചകളെക്കുറിച്ചും തുടര് നടപടികളെക്കുറിച്ചും സര്ക്കാര് വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. പിണറായി മോദി, മകൾ, മണി അങ്ങനെയാണ് മുഖ്യമന്ത്രി ഇനി അറിയപ്പെടാൻ പോകുന്നത്. സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ മഹിള കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തും എന്നും അവർ പറഞ്ഞു.
തൃശൂര് കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ഉള്പ്പെടെ രണ്ടു പൊലീസുകാര്ക്ക് പരിക്ക്. ഡിവൈഎസ്പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവര്ക്കുമാണ് പരിക്കേറ്റത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ബൈജു പൗലോസ്. ഇന്ന് രാവിലെ 8.30ഓടെ കുട്ടനെല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അര്ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഒരോ വിവാദങ്ങള് ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നും ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രി വിഎൻ വാസവൻ രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതര് പോസ്റ്റ്മോര്ട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്മോര്ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
ഇടുക്കി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടൻ താൽക്കാലികമായി പുനരധിവസിപ്പിക്കും.
ഇടുക്കി അടിമാലിയില് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാള് മരിച്ച സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്. കേസില് നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ എന്ന് അടിമാലി പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്.
താള്ക്കൊല്ലി ഉള്വനത്തിനുള്ളില് ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില് കണ്ടെത്തിയത്. താള്ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി (55) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽ പെട്ടതിനെ തുടർന്ന് തെറിച്ചു കടലിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ അർത്തുങ്കൽ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്.
വര്ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്, അനുഷ്ഠാനങ്ങള്, പൂജകള് എന്നിവയില് മാറ്റം വരുത്താന് അധികാരമുണ്ടെന്ന് ഗുരുവായൂര് ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റര്. ക്ഷേത്രത്തില് നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും മുന് തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര് ദേവസ്വം ബോര്ഡ് വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റര് ഒ.ബി അരുണ്കുമാര് സുപ്രീം കോടതിയില് ഫയല് ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസുവാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി ആൾക്കൂട്ടം. നഗ്നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതിന് പിന്നാലെ തളർന്ന് വീണ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ചക്രധർപൂരിലാണ് സംഭവം. യുവാവിനെ കയ്യേറ്റം ചെയ്ത രണ്ട് സ്ത്രീകൾ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട് പണയപ്പെടുത്തിയും കൈവശമുണ്ടായിരുന്ന ഭൂമി വിറ്റും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അമേരിക്കയിലേക്ക് പോയ 50 ഹരിയാന സ്വദേശികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. 25നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറി എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട സംഘത്തിലുള്ളത്.ഇവരുടെ ഒന്നും പേര് വിവരങ്ങളോ മറ്റു വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
സ്കൂളിൽ കൊണ്ടുവന്ന വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലെ ആക്ടിങ് പ്രിൻസിപ്പലിനെതിരെ നടപടി. വിദ്യാർത്ഥിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച പി എം ശ്രീ മഹാത്മാഗാന്ധി ഗവൺമെന്റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവന്നത്.
റോഡിലെ കുഴിയിലോ ആൾത്തുളയിലോ വീണ് മരിച്ചവരുടെ ബന്ധുക്കൾക്ക് ആറുലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 50,000 മുതൽ രണ്ടരലക്ഷം രൂപവരെയും നഷ്ടപരിഹാരം നൽകാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. ഈ നഷ്ടപരിഹാരം കരാറുകാരിൽനിന്ന് ഈടാക്കിയ പിഴയിൽനിന്നോ അല്ലെങ്കിൽ അന്വേഷണത്തിനുശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനിയർ, എന്നിവരിൽനിന്നോ ഈടാക്കാനും ഉത്തരവിൽ പറഞ്ഞു.
ജോലിക്കെത്താതെ രണ്ട് വർഷത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ 37.54 ലക്ഷം രൂപ ‘ശമ്പളമായി’ കൈപ്പറ്റിയ സംഭവം വിവാദമാകുന്നു. രാജസ്ഥാനിലാണ് സംഭവം. സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായിരണ്ട് സ്വകാര്യ കമ്പനികളുടെ വ്യാജ ജീവനക്കാരിയായി ലിസ്റ്റ് ചെയ്യപ്പെട്ടാണ് ഈ വൻ തുക ഉദ്യോഗസ്ഥന്റെ ഭാര്യ കൈപ്പറ്റിയത്. രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഒരു ഹർജിയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.തുടർന്ന്പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ബിഹാർ മുഖ്യമന്ത്രി പദവി സംബന്ധിച്ച് ജെഡിയു നിലപാട് തള്ളി ബിജെപി. മുഖ്യമന്ത്രി പദത്തിൽ ഒഴിവ് വരുമ്പോൾ ചർച്ച ചെയ്യാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ഇപ്പോൾ ഒഴിവില്ല. നിലവിൽ നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്നും ഉപമുഖ്യമന്ത്രി സമ്രാട്ട്ചൗധരി പ്രതികരിച്ചു. നേരത്തെ മുഖ്യമന്ത്രി പദത്തിൽ വ്യക്തത വരുത്തണമെന്ന് ജെഡിയു നിലപാട് കടുപ്പിച്ചിരുന്നു. തേജസ്വിയുടെ വാദങ്ങൾ സമ്രാട്ട് ചൗധരി തള്ളി.
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ശുപാർശ ചെയ്തു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഈ വർഷം നവംബർ 23ന് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ തന്റെയും മൂന്ന് സഹോദരിമാരുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് 19കാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.
തെരുവുനായ വിഷയത്തിൽ വിമർശനവുമായി സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധവിമാനവും തകർന്നുവീണു. തിങ്കളാഴ്ചയാണ് ഹെലികോപ്ടർ അപകടം യുഎസ് നാവിക സേന സ്ഥിരീകരിച്ചത്. സുരക്ഷാ സംബന്ധിയായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് യുഎസ് നാവിക സേന വിശദമാക്കുന്നത്.
ദില്ലിയിലെ കേശവ് പുരത്ത് പൂജാരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചു. പ്രതിയായ ഭർത്താവ് ദിനേശ് ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുഷമ ശർമ്മയെ (40) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയിൽ ആത്മഹത്യ ചെയ്തതായി ദിനേശ് ശർമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
വടക്കൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ എന്ന് കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടർന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണൻ ടയർ പറഞ്ഞു.
അഞ്ച് വർഷത്തോളം നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്യാങ്സൂവിലേക്ക് വിമാനം പറന്നുയർന്നു. ഇൻഡിഗോയുടെ A320 നിയോ വിമാനത്തിൽ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്.
ഏറെക്കാലത്തിന് ശേഷം ഐഎസ്ഐസ് ഭീകരവാദികള് വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോര്ട്ടുകള്. സിറിയയിലെ ഐഎസ് സെല്ലുകള് പുനഃസംഘടിക്കുകയും ആക്രമണങ്ങള് വര്ധിപ്പിക്കുകയും ചെയ്യുന്നതായി കുര്ദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്ട്ട് ചെയ്തത്.
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ..ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇരയെ പഴിക്കുന്ന പരാമർശം നടത്തി മധ്യപ്രദേശ് മന്ത്രി. മന്ത്രിയുടെ പരാമർശത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് സമ്മാനിച്ച ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ്. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടമുള്ള കലസൃഷ്ടിയാണ് യൂനുസ് പാക് സൈനികോദ്യോഗസ്ഥന് നൽകിയത്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന് വൈസ് ക്യാപ്റ്റന് ശ്രേയസ് അയ്യര്ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്ന്ന് ഐസിയുവില് പ്രവേശിപ്പിച്ചു. അലക്സ്കാരിയെ പുറത്താക്കാന് പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്ക്ക് പരിക്കേറ്റത്.
