ഒരേസമയം രണ്ട് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് ഉപയോക്താക്കള്‍ എപ്പോഴും നേരിടുന്ന പരിമിതിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരവുമായാണ് ഓപണ്‍ എ.ഐ വന്നിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ചില ആപ്പുകള്‍ ചാറ്റ്‌ബോട്ടില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ സവിശേഷതയാണ് ഓപണ്‍ എ.ഐ പുറത്തിറക്കുന്നത്. സ്പോട്ടിഫൈ, കാന്‍വ, കോര്‍സെറ, ഫിഗ്മ, സില്ലോ തുടങ്ങിയ ആപ്പുകളാണ് ചാറ്റ് ജി.പി.ടിയില്‍നിന്ന് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ചാറ്റ് ജി.പി.ടിയിലെ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയും. നിലവില്‍ ചുരുങ്ങിയ ആപ്പുകള്‍ മാത്രമേ ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഭാവിയില്‍ യൂബര്‍, ഡോര്‍ഡാഷ്, ടാര്‍ഗറ്റ്, ഓപണ്‍ ടേബിള്‍ എന്നിങ്ങനെ നിരവധി ആപ്പുകള്‍ കമ്പനി കൂട്ടിച്ചേര്‍ക്കും. ചാറ്റ് ജി.പി.ടിയില്‍നിന്ന് പുറത്ത് പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ക്യാബ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, റെസ്റ്റോറന്റ് റിസര്‍വേഷനുകള്‍ നടത്താനും, ഔട്ട്‌ഡോര്‍ യാത്രകള്‍ ആസൂത്രണം ചെയ്യാനും ഇവ സൗകര്യം ഒരുക്കുന്നുണ്ട്.
