മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങളും പിണറായി വിജയന്റെ ബയോപിക്കുമാണ് തെരഞ്ഞെടുപ്പിന് മുന്‍പായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ സോളാര്‍ അടക്കമുള്ള വിവാദങ്ങള്‍ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് സംവിധായകന് ബി ഉണ്ണികൃഷ്ണനാണ്. ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍ എന്ന നിലയിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ് ഉമ്മന്‍ ചാണ്ടിയുടെ വേഷത്തിലെത്തുക. അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മനായി നിവിന്‍ പോളിയുമെത്തും. ഉമ്മന്‍ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബയോപിക്കില്‍ നടന് കമല്‍ ഹാസനെയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രാഷ്ട്രീയ സിനിമകള്‍ വരുന്നു എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്.
