ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടൊപ്പം, സാമ്പത്തിക അച്ചടക്കം പാലിച്ചതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കായി അധികം ചെലവഴിക്കുന്ന തുകയായ ഇബിഐടിഡിഎ ബേണ്‍ 20 ശതമാനം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,029 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,930 കോടി രൂപയായി കുതിച്ചുയര്‍ന്നു. കമ്പനിയുടെ മൊത്തം വരുമാനം 64 ശതമാനം വര്‍ധിച്ച് 2,071 കോടി രൂപയിലെത്തി. ഏറ്റെടുക്കലുകള്‍ ഒഴിവാക്കിയാല്‍ പോലും പ്രവര്‍ത്തന വരുമാനത്തില്‍ 33 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ-വിനോദ പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ട്, ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള ഷോര്‍ട്ട്-വീഡിയോ ആപ്പായ ജോഷ് എന്നിവ വെര്‍സേ ഇന്നൊവേഷന്റെ സാങ്കേതികവിദ്യയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ഭാഷാ സാങ്കേതികവിദ്യയില്‍ യൂണികോണ്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് വെര്‍സേ ഇന്നൊവേഷന്.
