Untitled design 20250112 193040 0000 1

 

 

വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി.

 

എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും സിപിഎം നേതാവ് ജി സുധാകരൻ. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെയെന്നും ജി സുധാകരൻ പറഞ്ഞു. ഞാൻ മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു.

 

സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

 

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും, പട്ടിക വർ​ഗക്കാർക്ക് എതിരായ കേസുകളിലും കുത്തനെ വർധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ 2022 നെ അപേക്ഷിച്ച് 31.2% വർധിച്ചു, പകുതിയിലധികവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. എസ്ടി വിഭാ​ഗക്കാർക്കെതിരായ കേസുകളിൽ ഒരു വർഷത്തിനിടെ 28.8% വര്‍ധനവാണ് ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും കൂടുതൽ മണിപ്പൂരിലാണ്.

 

ഷൊർണൂരിൽ പിഞ്ചു മക്കളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ 24 കാരിയായ ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2021 നവംബർ 14നായിരുന്നു സംഭവം. കിടപ്പുമുറിയിൽ ദിവ്യക്കൊപ്പം ഉറങ്ങിയിരുന്ന ഒന്നും നാലും വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ദിവ്യ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.

 

ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്‍റെ പുതിയ വേദിക്ക് വൻ സ്വീകരണം. ‘സിറ്റിസൺ കണക്ട് സെന്‍റർ’ പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ജനകീയ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത് 753 കോളുകളാണ്. സിറ്റിസൺ കണക്ട് സെന്‍ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടൊവിനോ തോമസ് ആയിരുന്നു. ടൊവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു. തുടർന്ന് വന്ന മൂന്ന് കോളുകൾ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തര നടപടികൾക്ക് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

 

എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം.

 

രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്‍റു മഹാദേവിനെതിരെ കേസെടുത്ത സംഭവത്തില്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കേസിന്‍റെ ഭാഗമായി ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്.

 

സംസ്ഥാനത്ത് എൻ്റെ സ്‌കൂൾ എൻ്റെ അഭിമാനമെന്ന പേരിൽ റീൽസ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയത്തിൻ്റെ മികവുകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വീഡിയോ നിർമാണത്തിൽ പരിശീലനം നൽകുന്നതിനുമാണ് മത്സരം. ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ എന്നാണ് റീൽസ് മത്സരത്തിന്റെ വിഷയം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ര്ടക്ചർ ആൻ്റ് ടെക്‌നിക്കൽ എജുക്കേഷൻ (കൈറ്റ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്.

 

സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ.ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്.

 

കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാൾ മാതൃകയിലെ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സർക്കാർ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കരെഗുട്ടാലു കുന്നിൽ വെച്ച് നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനായ ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ വിജയിപ്പിച്ചതിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

 

ലേഡീസ് കംപാർട്ട്‌മെന്‍റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. സെപ്റ്റംബർ 11ന് വിരമനഗരം-ദാദർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. ബോറിവലി റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ 35 വയസുള്ള നാഥു ഹൻസയാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിൽ പോകാനായാണ് ഇയാൾ ബാന്ദ്രയിൽ എത്തിയത്.

 

ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി പേർ. ആ​ഗസ്റ്റ് 1 ലെ കരട് വോട്ടർ പട്ടികയിൽനിന്നും 18 ലക്ഷം വോട്ടർമാരെ അധികം ചേർത്തു. 21.53 ലക്ഷം പുതിയ വോട്ടർമാരാണ് പട്ടികയിലുള്ളത്. 3.66 ലക്ഷം വോട്ടർമാരെ കരട് വോട്ടർപട്ടികയിൽനിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പഴയ പട്ടികയിലെ 47 ലക്ഷം പേരെ ഒഴിവാക്കിയുള്ളതാണ് അന്തിമ പട്ടിക. ആ​ഗസ്റ്റിലെ കരട് പട്ടികയേക്കാൾ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം നിലവിലെ അന്തിമ പട്ടികയിൽ കുറഞ്ഞു.

 

ലഡാക്ക് സംഘർഷത്തിന് പിന്നാലെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കാർഗിൽ ഡെമോക്രാറ്റ് അലെയൻസും. സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്റ്റനൻ്റ് ഗവർണർ രംഗത്ത് എത്തി. കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കൽ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ പ്രതികരിച്ചു.

 

മൈസൂരുവിൽ വാട്സ്ആപ്പിൽ ആറാം ക്ലാസുകാരിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ചാണ് പരിശോധന. 12വയസുള്ള കുട്ടിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് വിജയനഗര പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

 

വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതൽ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ. 1999-ൽ കൊണ്ടുവന്ന കർണാടക റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന ഭേദഗതികൾ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

 

2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെ ആക്രമിക്കണമെന്ന് തന്റെ മനസ്സിൽ തോന്നിയെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ആഗോള സമ്മർദ്ദം കാരണം സർക്കാർ ആക്രമണത്തിൽനിന്ന് വിട്ടുനിന്നുവെന്ന് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം വെളിപ്പെടുത്തി.

 

ഐ ലവ് മുഹമ്മദ് റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെ ബറേലി നഗരത്തിലെ മാർക്കറ്റ് സമുച്ചയത്തിൽ 38 കടകൾ ഒഴിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ കൈവശം വെച്ച കടമുറികളാണ് അധികൃതർ സീൽ ചെയ്തത്. വെള്ളിയാഴ്ച ‘ഐ ലവ് മുഹമ്മദ്’ കാമ്പെയ്‌നിന്റെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടൽ ഉണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പ്രതികാര നടപടിയുടെ ഭാ​ഗമായാണ് കടമുറികൾ ഒഴിപ്പിച്ചതെന്ന് കച്ചവടക്കാർ ആരോപിച്ചു.

 

കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു.

 

കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

 

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ക്വറ്റയിലെ സർഗുൻ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. ഉഗ്രശബ്‍ദത്തോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. സഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നടന്ന സ്ഫോടനത്തിൽ ഇന്ത്യയെ പഴിചാരി പാക് അധികൃതർ. പാകിസ്ഥാൻ മാധ്യമങ്ങളും പ്രസിഡന്റ് ആസിഫ് അലി സർദാരിയും ‘ഫിത്‌ന-അൽ-ഖവാരിജ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയിലെ തീവ്രവാദികളെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള തീവ്രവാദികളാണ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.

 

ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. തങ്ങൾ മുന്നോട്ടുവെച്ച പദ്ധതി ഹമാസ് അംഗീകരിക്കണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *