ഏതാനും ദിവസങ്ങള്‍ റീചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാവുന്ന ബാറ്ററി ഉള്‍പ്പെടുത്തിയ ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ടെക് കമ്പനിയായ റിയല്‍മി. 15,000 എം.എ.എച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ അഞ്ച് ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 മണിക്കൂര്‍ വിഡിയോ പ്ലേബാക്കാണ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ ലഭിക്കുക. നിലവിലുള്ള മിക്ക സ്മാര്‍ട്ട്ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. പുതിയ ഫോണ്‍ ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 18.75 മണിക്കൂര്‍ വരെ വിഡിയോ ഷൂട്ട് ചെയ്യാമെന്നും റിയല്‍മി അവകാശപ്പെടുന്നു. എന്നാല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകുമോ അതോ കണ്‍സെപ്റ്റ് മോഡലായി വികസിപ്പിക്കുക മാത്രമാണോ ചെയ്യുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ ലഭ്യമായ റിയല്‍മി സ്മാര്‍ട്ട്‌ഫോണില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാറ്ററി ജി.ടി 7 മോഡലില്‍ 7,000 എം.എ.എച്ച് ആണ്.
