web cover 51

കൊവിഡ് കാലത്തു പിപിഐ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 രൂപയുടെ പിപിഐ കിറ്റ് പതിനയ്യായിരം എണ്ണം 1,500 രൂപയ്ക്കു വാങ്ങിയതടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരേയാണ് ലോകായുക്തയുടെ അന്വേഷണം.

യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ പേരക്കുട്ടിയടക്കമുള്ള കുടുംബത്തെ കൂട്ടിയുള്ള യൂറോപ്പ് യാത്രയും ദുബായ് യാത്രയും വിവാദമായിരുന്നു. (ഉല്ലാസയാത്ര ?- https://youtu.be/3Gkx-02kHpM)

കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു സ്വപ്ന സുരേഷിന്റെ ശ്രമമെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്വര്‍ണം, ഡോളര്‍ കടത്തു കേസുകള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലാണ് എന്‍ഫോഴ്സമെന്റിനെ കുറ്റപ്പെടുത്താതെ സത്യവാങ്മൂലം നല്‍കിയത്. സ്വപ്നയ്ക്കു ഗൂഡലക്ഷ്യവും ബാഹ്യസമ്മര്‍ദവും ഉണ്ടെന്നും അതിനു വഴങ്ങരുതെന്നും പറഞ്ഞുകൊണ്ടാണു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച. എഐസിസിയിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണ് പോളിംഗ്. ഒന്‍പതിനായിരത്തിലേറെ പേരാണ് വോട്ടര്‍മാര്‍. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

പരസ്യം നീക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്കു പ്രതിമാസം ഒന്നേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു മാനേജ്മെന്റ്. വിധിപകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ നല്‍കും. ഇതര സംസ്ഥാന സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം സ്വകാര്യ – പൊതു വാഹനങ്ങള്‍ക്കു വ്യത്യാസമില്ലെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി പരസ്യം വിലക്കിയത്.

എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി. നവ്യ എന്നിവരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി പ്രതികളാക്കിയത്. രണ്ടു പേരും ഒളിവിലാണ്. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌കൂട്ടര്‍ ഉടമ സുധീഷ് വിദേശത്താണ്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇലന്തൂര്‍ നരബലികേസില്‍ പ്രതികളുമായി തെളിവെടുപ്പ്. ഭഗവല്‍സിംഗിന്റെ വീട്ടുപറമ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് നായ്കളും ജെസിബിയും എത്തിച്ചിട്ടുണ്ട്. തെളിവെടുപ്പു കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. പോലീസ് സന്നാഹവുമുണ്ട്.

ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്റെ സഹായിയായി പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം. നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ട് ഫോറന്‍സിക് വിദഗ്ധര്‍ ഉന്നയിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഇതുവരെ സംസ്ഥാനത്തു ഫയല്‍ ചെയ്തത് 1,237 കേസുകള്‍. കൊലപാതകം, വധശ്രമം, ഭവനഭേദനം എന്നിവ അടക്കമുള്ള കേസുകളുണ്ട്. കേസുകളുടെ വിവരങ്ങള്‍ പോലീസ് കേന്ദ്ര ഏജന്‍സിക്കു കൈമാറി.

വീടുകയറി ആക്രമിച്ചെന്ന കേസില്‍ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റിലായി. സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് എറണാകുളം നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും ആക്രമിച്ചത്. അശ്വതിയും നൗഫലും കഴിഞ്ഞയാഴ്ചയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ലഹരിക്കേസിലെ പ്രതിയാണ് അശ്വതി.

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ ഒരുലക്ഷത്തി പതിനേഴായിരം രൂപ കാണാതായി. പ്രതിദിന കളക്ഷന്‍ മുഴുവനായും ബാങ്കില്‍ എത്തിയില്ലെന്ന് നാല് ദിവസം മുമ്പാണ് കണ്ടെത്തിയത്. അന്വേഷണം നടത്തുമെന്ന് കെഎസ്ആര്‍ടിസി.

ലോകായുക്തയുടെ നടപടികളില്‍ വിവേചനമെന്ന് കെ.ടി ജലീല്‍. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാം. ബന്ധു നിയമന വിവാദത്തില്‍ രാജിവയ്ക്കേണ്ടിവന്ന തനിക്ക് ഒരു നീതി, ശൈലജയ്ക്കു വേറെ നീതി എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ആക്ഷേപം.

വരുതിയില്‍ നില്‍ക്കാത്ത സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസവുമായി മുസ്ലീം ലീഗ്. കാസര്‍കോട് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പാര്‍ട്ടി നിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ഡല്‍ഹി ഗൂഡ്ഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സ്വദേശിയായ എലിസ തങ്കരാജന്‍ പേരു മാറ്റി മാര്‍ക്ക് റോജര്‍ ആയതാണെന്ന് പൊലീസ് പറയുന്നു.

കണ്ണൂരിലും കോഴിക്കോടും കൊച്ചിയിലും ലഹരി വേട്ട. കണ്ണൂര്‍ പനയത്താം പറമ്പില്‍ ഏഴു കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടില്‍ അഷ്റഫ് പിടിയിലായി. കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് 30 ഗ്രാം എംഡിഎംഎയും 35 എല്‍എസ്ഡി സ്റ്റാമ്പുകളുമായി ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഹെറോയിന്‍ വില്പന നടത്തുന്ന ആസാം സ്വദേശിയെ പത്തു ലക്ഷം രൂപയുടെ നാല്പത് ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റു ചെയ്തു.

കോഴിക്കോട് ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഉടമയും പ്രമുഖ പ്രസാധകനുമായ എന്‍.ഇ ബാലകൃഷ്ണ മാരാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിന്.

തമിഴ്നാട്ടിലേക്കു നാടുവിട്ടു പോകുന്ന പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിക്കണമെന്നു കോടതി. ഒരാഴ്ച മുന്‍പ് മൂന്നാറില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി ഹാജരാക്കിയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്താന്‍ മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു കോടതി നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമായിരിക്കും തനിക്കു ലഭിക്കുന്ന വോട്ടുകളെന്ന് ശശി തരൂര്‍ എംപി. ഈ വസ്തുത പാര്‍ട്ടി നേതൃത്വം തിരിച്ചറിയണം. പാര്‍ട്ടിയില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ തൃപ്തിയുള്ളവരാകും താന്‍ പ്രചരണത്തിനെത്തുമ്പോള്‍ മുഖം തരാത്തതെന്നും തരൂര്‍ പ്രതികരിച്ചു.

മുംബൈ നരിമാന്‍ പോയിന്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് തകര്‍ക്കുമെന്നും ബാങ്ക് ചെയര്‍മാനെ കൊല്ലുമെന്നും ഭീഷണി സന്ദേശം. പാക്കിസ്ഥാനില്‍നിന്നു സംസാരിക്കുകയാണെന്നു പേരു സഹിതം പരിചയപ്പെടുത്തിയാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ബാങ്ക് വായ്പ നിഷേധിച്ചാല്‍ ബാങ്ക് ചെയര്‍മാനെ കൊല്ലുമെന്നും ബാങ്ക് തകര്‍ക്കുമെന്നുമാണു ഭീഷണി.

കേസുകളില്‍ നീതി വൈകുന്നത് വെല്ലുവിളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നപരിഹാരം വേഗത്തിലാകണം. നിയമ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. നീതി നിര്‍വഹണത്തില്‍ പ്രാദേശിക ഭാഷകള്‍ക്കു പ്രാധാന്യമുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമങ്ങള്‍ പ്രാദേശിക ഭാഷയില്‍ ആയാല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുമെന്നും പറഞ്ഞു.

അമൂല്‍ പാലിന്റെ വില കൂട്ടി. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഫുള്‍ ക്രീം പാലിന്റെ വില രണ്ടു രൂപ ഉയര്‍ത്തി. എരുമപ്പാലിന്റെ വിലയും രണ്ടു രൂപ വര്‍ദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകന്‍ ജി എന്‍ സായിബാബയെ കുറ്റമുക്തനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ബോബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ.

ഇടപാടിലെ ചട്ടങ്ങള്‍ ലംഘിച്ചതിന് ആക്‌സിസ് ബാങ്ക്- മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് മൂന്നു കോടി രൂപ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണു പിഴ ചുമത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പ്. ഏഷ്യാറ്റിക് വാട്ടര്‍ പാമ്പ് എന്നറിയപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം പിടികൂടി. അഞ്ചടിയോളം നീളമുള്ള പാമ്പാണു പിടിയിലായത്.

ലോകസഭ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ഇടതു പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ ജനറല്‍ സെക്രറി ഡി രാജ. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പതാകക്കൊപ്പം ദേശീയ പതാകയും ഉയര്‍ത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സമ്മേളനത്തിനു തുടക്കമായത്.

സമ്പത്തുണ്ടാകാന്‍ ദേവപ്രീതിക്ക് ആറു വയസുള്ള ബാലനെ നരബലി നടത്തിയ യുവാക്കള്‍ ഡല്‍ഹിയില്‍ പിടിയിലായി. ലോധി കോളനിയില്‍ സിബിഐ ആസ്ഥാനത്തിനരികില്‍ സിആര്‍പിഎഫിന് ആസ്ഥാന മന്ദിരം പണിയുന്ന ജോലിക്കെത്തിയ ഉത്തര്‍ പ്രദേശ് ബറേലി സ്വദേശി അശോക് കുമാറിന്റെ ആറുവയസുള്ള മകനായ ധര്‍മേന്ദ്രയാണ് കഴുത്തറുത്തു കൊല്ലപ്പെട്ടത്. നിര്‍മ്മാണ തൊഴിലാളികളും ബിഹാറികളുമായ 19 കാരന്‍ വിജയ് കുമാറും 22 കാരന്‍ അമറുമാണു പിടിയിലായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 49 പേര്‍ നരബലിയിലൂടെ കൊല്ലപ്പെട്ടെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

കരാറുകാരന്റെ ബില്ലു മാറാന്‍ ഒന്നേകാല്‍ ലക്ഷം രൂപ കോഴ വാങ്ങിയതിന് മേജര്‍ അടക്കമുള്ള സൈനികരെ സിബിഐ അറസ്റ്റ് ചെയ്തു. നാസിക്കിലെ ആര്‍മി ഏവിയേഷന്‍ സ്‌കൂളില്‍ എന്‍ജിനീയര്‍ ഹിമാന്‍ഷൂ മിശ്ര, ജൂനിയര്‍ എന്‍ജിനീയര്‍ മിലിന്ദ് വടിലെ എന്നിവരെയാണ് പിടികൂടിയത്.

തമിഴ്നാട് ഹൊസൂറില്‍ വിഷവാതകം ശ്വസിച്ച് നൂറിലധികം സ്‌കൂള്‍ കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. വാതക ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല.

പാക്കിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഭീകരര്‍ വെടിവച്ച് കൊന്നു. ഖരന്‍ പ്രദേശത്തെ പള്ളിക്കു പുറത്ത് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായിക്കുനേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൗദി അറേബ്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ശൂറ എന്ന ഈ പാലം തുറന്നത്. ചെങ്കടല്‍ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഇന്ത്യ ഏഴാം കിരീടമാണു ഇത്തവണ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയില്‍ ആദ്യ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 55 രൂപ ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 45 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3825 രൂപയാണ്.

സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 912.08 കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം 2022 സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 32.91 ശതമാനം വളര്‍ച്ചയോടെ 1212.24 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 14.36 ശതമാനം വര്‍ധിച്ച് 3,50,386.03 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,71,994.74 കോടി രൂപയായിരുന്ന നിക്ഷേപം 1,89,145.71 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 137313.37 കോടി രൂപയില്‍ നിന്ന് 163957.84 കോടി രൂപയായി വര്‍ധിച്ചു. രണ്ടാം പാദത്തിലെ അറ്റപലിശ വരുമാനം 1761.83 കോടി രൂപയാണ്. 19.09 ശതമാനം ആണ് വര്‍ധന. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 17,551.94 കോടി രൂപയില്‍ നിന്ന് 19,617.82 കോടി രൂപയായി വര്‍ധിച്ചു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരാ എന്ന ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. റിഷഭ് തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് കുറിച്ചിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ നിന്ന് മികച്ച ഓപണിംഗ് ആണ് നേടിയത്. ആദ്യ 11 ദിവസങ്ങളില്‍ നിന്ന് ചിത്രം 60 കോടി നേടിയെന്നായിരുന്നു കണക്കുകള്‍.

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ദ്വിജ’. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിന് എതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐജാസ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ്വിജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നീരജ് മാധവ്, ശ്രുതി ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്‍ഡ്രൂ മാക്കി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോണ്‍ വില്‍മറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബീനാ പോളാണ് ചിത്രസംയോജനം. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ നവീനും വൈ രവി ശങ്കറും എല്ലനാര്‍ ഫിലിംസിന്റെ രാധാകാ ലാവുവും വിവേക് രംഗചാരിയും സംയുക്തമായാണ് ചിത്രം നിര്മിക്കുന്നത്.

ടൊയോട്ടയുടെ എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാന്‍ഡ് വിറ്റാര എന്ന പേരില്‍ മാരുതി ലൈനപ്പിലുമുണ്ട്. മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്. വാഹനത്തിന് 11 വകഭേദങ്ങളാണുള്ളത്. 18.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വില. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തില്‍. ടൊയോട്ടയുടെ 1.5 ലീറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍. 92 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട് എന്‍ജിന്.

കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്. സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ‘ശകുനി’. ഷബിനി വാസുദേവ്. മാതൃഭൂമി ബുക്സ്. വില 261 രൂപ.

മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളുമാണ് ശരീരത്തിന് നാം നഷ്ടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പാതി ഗുണഫലമേ ഇതിലൂടെ ലഭിക്കുകയുള്ളൂ. മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളയില്‍ കുറഞ്ഞ തോതിലുള്ള പോഷണങ്ങള്‍ മാത്രമേയുള്ളൂ. വൈറ്റമിന്‍ എ, ഡി, ഇ, കെ, ആറ് വ്യത്യസ്ത തരം ബി വൈറ്റമിനുകള്‍, അയണ്‍, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവയുടെ അംശം കൂടുതല്‍ അടങ്ങിയിരിക്കുന്നത് വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിലാണ്. പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്. ഉയര്‍ന്ന കൊളസ്ട്രോള്‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും പിന്തുടരുന്നവര്‍ക്ക് ഈ കൊളസ്ട്രോളും കൊഴുപ്പും പ്രശ്നമുണ്ടാക്കില്ല. ഭാരം കുറയ്ക്കാനും പേശികള്‍ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പം കൊളസ്ട്രോളും കൊഴുപ്പും ആവശ്യമാണ് താനും. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാനും പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്ട്രോള്‍ ആവശ്യമാണ്. എല്ലുകളുടെ കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ വൈറ്റമിന്‍ ഡിയ്ക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂടാക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ഈ കൊഴുപ്പ് സഹായകമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.42, പൗണ്ട് – 92.07, യൂറോ – 80.12, സ്വിസ് ഫ്രാങ്ക് – 81.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.07, ബഹറിന്‍ ദിനാര്‍ – 218.59, കുവൈത്ത് ദിനാര്‍ -265.39, ഒമാനി റിയാല്‍ – 213.96, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 59.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *