വിവാഹിതരായ പുരുഷന്‍മാരില്‍ അവിവാഹിതരെ അപേക്ഷിച്ച് ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 1990 കാലഘട്ടത്തെ അപേക്ഷിച്ച് നിലവില്‍ ആഗോളതലത്തില്‍ അമിതവണ്ണം ആരോഗ്യപ്രശ്നമായി മാറിയവരുടെ എണ്ണം ഇരട്ടിയായി. പ്രായപൂര്‍ത്തിയാവരും കുട്ടികളും ഉള്‍പ്പെടെ 250 കോടിയോളം വരുന്ന മനുഷ്യല്‍ അമിതവണ്ണമോ, ശരീരഭാര വര്‍ധനയോ നേരിടുന്നു എന്നും കണക്കുകള്‍ പറയുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടേയ്ക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മോശം ഭക്ഷണ ശീലം, നിഷ്‌ക്രിയത്വം, ജനിതക പ്രശ്നങ്ങള്‍, കാലാവസ്ഥാ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് അമിതവണ്ണം രോഗാവസ്ഥയിലേക്ക് മാറുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരി 50 വയസ് പ്രായം വരുന്ന 2405 പേരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ സുപ്രധാനമായ വിലയിരുത്തല്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രായം, ശരീര ഭാരം, വൈവാഹിക നില, മാനസിക ആരോഗ്യം തുടങ്ങിയ സാഹചര്യങ്ങളാണ് പഠനം പ്രധാനമായും വിലയിരുത്തിയത്. പഠനം അനുസരിച്ച് അവിവാഹിതരായ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹതരായ പുരുഷന്‍മാരില്‍ അമിത വണ്ണത്തിനുള്ള സാധ്യത 3.2 ശതമാനം അധികമാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാഹിതരായ സ്ത്രീകളില്‍ ഈ പ്രശ്നം കാണുന്നില്ലെന്നും പഠനം പറയുന്നു. വിവാഹിതരായ പുരുഷന്‍മാരില്‍ 62 ശതമാനവും അമിത ശരീരഭാരം എന്ന പ്രശ്നം നേരിടുമ്പോള്‍ സ്ത്രീകളില്‍ ഇത് 39 ശതമാനമാണ്.