മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളെ തുടർന്നായിരുന്നു മാർച്ച്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നു നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. യൂത്ത് കോണ്ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിലുണ്ട്. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തിൽ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു.
യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
