ദീപാവലിക്ക് റെക്കോര്‍ഡ് വില്‍പനയുണ്ടായതിന് പിന്നാലെ കല്യാണ സീസണില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാര്‍. നവംബര്‍ 23ന് തുടങ്ങുന്ന കല്യാണ സീസണ് ഡിസംബര്‍ 15 വരെ നീളും. ഇക്കാലയളവില്‍ 38 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍. 4.74 ലക്ഷം കോടിയുടെ കച്ചവടം വിവാഹ സീസണില്‍ ഉണ്ടാവുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആള് ഇന്ത്യ ട്രേഡഴ്സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 32 ലക്ഷം വിവാഹങ്ങളാണ് നടന്നത്. പിന്നീട് ജനുവരിയില്‍ തുടങ്ങുന്ന വിവാഹ സീസണ് ജൂലൈ വരെ നീളും. വിവാഹത്തിനുള്ള വിവിധ സാധനങ്ങളുടെ കച്ചവടവും അതിനൊപ്പം സേവനങ്ങളുടെ മൂല്യവും ചേര്‍ത്താണ് വന്‍ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷ വ്യാപാരികള്‍ വെച്ചുപുലര്‍ത്തുന്നത്. നടക്കുന്ന 38 ലക്ഷം വിവാഹങ്ങളില്‍ ഓരോ വിവാഹസംഘവും എത്രത്തോളം തുക ചെലവഴിക്കുമെന്നത് സംബന്ധിച്ച കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ഏഴ് ലക്ഷം വിവാഹസംഘങ്ങളില്‍ ഓരോരുത്തരും ശരാശരി മൂന്ന് ലക്ഷം രൂപയായിരിക്കും ചെലവഴിക്കുക. എട്ട് ലക്ഷം വിവാഹസംഘങ്ങള്‍ ആറ് ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ പത്ത് ലക്ഷം വിവാഹ സംഘങ്ങള്‍ ശരാശരി 10 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഏഴ് ലക്ഷം വിവാഹസംഘങ്ങള്‍ 15 ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ 5 ലക്ഷം സംഘങ്ങള്‍ 25 ലക്ഷത്തിന് മുകളിലാണ് ചെലവഴിക്കുക. 50,000 വിവാഹസംഘങ്ങള്‍ 50 ലക്ഷത്തിന് മുകളിലും മറ്റൊരു 50,000 വിവാഹസംഘങ്ങള്‍ ഒരു കോടിക്ക് മുകളിലും പണം ചെലവഴിക്കും. ഇതില്‍ 50 ശതമാനം പണം സാധനങ്ങള്‍ വാങ്ങാനും 50 ശതമാനം പണം സേവനങ്ങള്‍ക്കുമായാണ് ചെലവഴിക്കുക.
38 ലക്ഷം വിവാഹങ്ങള്‍, 4.74 ലക്ഷം കോടിയുടെ കച്ചവടം!
