2025 ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നിട്ടും ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. നിലവില്‍ ഏകദേശം 110 കമ്പനികളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ വിപണി മൂല്യത്തിന്റെ 62 ശതമാനത്തോളം വരും. 2024-ല്‍ ഇത്തരത്തില്‍ 97 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (20.89 ലക്ഷം കോടി) തന്റെ സ്ഥാനം നിലനിര്‍ത്തി. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക് (15.07 ലക്ഷം കോടി), ഭാരതി എയര്‍ടെല്‍ (12.75 ലക്ഷം കോടി) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ വര്‍ഷം പുതുതായി ഓഹരി വിപണിയില്‍ എത്തിയ എല്‍ജി ഇലക്ട്രോണിക്‌സ്, ടാറ്റ ക്യാപിറ്റല്‍, ഗ്രോ, മീഷോ എന്നീ കമ്പനികള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചു. കൂടാതെ, മുമ്പ് ലിസ്റ്റ് ചെയ്തിരുന്ന മുത്തൂറ്റ് ഫിനാന്‍സ്, കാനറ ബാങ്ക്, വോഡഫോണ്‍ ഐഡിയ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബിഎസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ കമ്പനികളും 2025-ല്‍ ഒരു ലക്ഷം കോടി ക്ലബ്ബില്‍ അംഗങ്ങളായി. 2019 ല്‍ വെറും 29 കമ്പനികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 110 കമ്പനികള്‍ എത്തിനില്‍ക്കുന്നത്.
