അമേരിക്കന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ സീറോ മോട്ടര്‍സൈക്കിളുമായി ഹീറോ ധാരണയിലെത്തി. ഇതോടെ തിരശീല ഉയരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ പുതിയ ലോകത്തിനായിരിക്കുമെന്നാണ് സൂചന. പ്രീമിയം ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീറോ മോട്ടര്സൈക്കിള്സുമായി ഹീറോ ധാരണയിലെത്തിയത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവി റൈഡിങ് അനുഭവം പുതുക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുകയുമാണ് 2 കമ്പനികളുടെയും ലക്ഷ്യം. സീറോ മോട്ടര്സൈക്കിള്സിന്റെ ഇലക്ട്രിക് മോട്ടര്‍, പവര്‍ട്രെയിന്‍ എന്നിവ ഉപയോഗിച്ച് ഹീറോയുടെ നേതൃത്വത്തില്‍ പുതിയ മോട്ടര്സൈക്കിളുടെ വികസിപ്പിക്കുന്ന വിധത്തിലാണ് പദ്ധതികള്‍. വിദ എന്ന ഇലക്ട്രിക് സ്കൂട്ടറിലൂടെ ഇമൊബിലിറ്റിയിലേക്ക് ഹീറോ കാലെടുത്തു വച്ചിട്ടുണ്ട്. വിദ സ്കൂട്ടറിന്റെ 2 വേരിയന്റുകളാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. മുന്തിയ മോഡലിന് 1.59 ലക്ഷം രൂപയും കുറഞ്ഞ മോഡലിന് 1.45 ലക്ഷം രൂപയുമാണ് വില പ്രഖ്യാപിച്ചിട്ടുള്ളത്.
ഇ ബൈക്കുകളുടെ പുതിയ ലോകം സൃഷ്ടിക്കാന്‍ സീറോയും ഹീറോയും!
