മലിനമായ ജലം മൂക്കിലൂടെ തലച്ചോറില്‍ എത്തിയാല്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന നെഗ്ളേറിയ ഫൗലെരി എന്ന അമീബ മൂലമുണ്ടാകുന്ന അപൂര്‍വ അണുബാധയാണ് ഇതിന് കാരണം. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന ഈ അണുബാധക്ക് ഫലപ്രദമായ ചികിത്സകള്‍ ഒന്നും ലഭ്യമല്ല. സൈനസില്‍ കഫക്കെട്ട് അകറ്റാന്‍ മൂക്കിലൂടെ വെള്ളം കയറ്റി വിടുന്ന പൊടിക്കൈ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ തലച്ചോറില്‍ അണുബാധ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ചവരില്‍ 97 ശതമാനം പേരും മരണപ്പെട്ടതായാണ് കണക്കുകള്‍. അരുവികള്‍, നദികള്‍, ചൂടു നീരുറവകള്‍ പോലുള്ള ഇടങ്ങളില്‍ നെഗ്ളേറിയ ഫൗലെരി കാണപ്പെടുന്നതായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കുളങ്ങളുടെയും നദികളുടെയും അടിത്തട്ടിലും വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലുമാണ് ഇവയുടെ വാസം. നീന്താന്‍ പോകുമ്പോഴോ തടാകങ്ങളിലോ നദികളിലോ ശുദ്ധജലത്തിനടിയിലോ മുങ്ങി കുളിക്കുമ്പോഴോ രോഗബാധ ഉണ്ടാകാം. അമീബ മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് എന്ന മാരകമായ അണുബാധയ്ക്കും കാരണമാകുന്നു. മിക്കപ്പോഴും ഇത് മരണത്തിലേക്ക് നയിക്കും. ഭൂരിഭാഗം നെയ്ഗ്ലേരിയ ഫൗളേരി അണുബാധകളും യുവാക്കളില്‍, പ്രത്യേകിച്ച് 14 വയസും അതില്‍ താഴെയുമുള്ളവരിലാണ് ബാധിക്കുന്നത്. നെയ്ഗ്ലേരിയ ഫൗലേരിയുടെ ആദ്യ ലക്ഷണങ്ങള്‍ സാധാരണയായി അണുബാധയ്ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ആരംഭിക്കുക. ചിലപ്പോള്‍ അവ 1 മുതല്‍ 12 ദിവസത്തിനുള്ളിലും ആരംഭിക്കാം. തലവേദന, പനി, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ. പിന്നീട് കഴുത്തിന് വേദന, ആശയക്കുഴപ്പം, ആളുകളിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ, ഭ്രമാത്മകത, കോമ എന്നിവ ഉണ്ടാകാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം.
അറിയാം, തലച്ചോര്‍ ഭക്ഷിക്കുന്ന അമീബയുടെ ഉറവിടം
