ശരിയായ പരിചരണത്തിലൂടെ മഴക്കാലത്തും മുടിയുടെ ആരോഗ്യം നിലനിര്‍ത്താം. മഴക്കാലത്ത് എത്ര സൂക്ഷിച്ചാലും പുറത്തിറങ്ങുമ്പോള്‍ മഴകൊള്ളാനുള്ള സാധ്യത കൂടുതലാണ്. മഴവെള്ളത്തില്‍ ചിലപ്പോള്‍ പൊടി, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ കലരാനുള്ള സാധ്യതയുണ്ട്. ഇത് നേരിട്ട് മുടിയില്‍ കൊള്ളുമ്പോള്‍ മുടിയുടെ സ്വാഭാവിക ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്. മഴ നനഞ്ഞ് വീട്ടിലെത്തിയാല്‍ അധികം നേരം കാത്തിരിക്കാതെ ശുദ്ധജലം കൊണ്ട് മുടി നന്നായി കഴുകാം. മാത്രമല്ല, മഴക്കാലത്ത് വായുവില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ശിരോചര്‍മത്തില്‍ വിയര്‍പ്പും എണ്ണയും കൂട്ടൂകയും മുടിയുടെ വേരുകള്‍ ദുര്‍ബലമാക്കുകയും ചെയ്യാം. ഈര്‍പ്പമുള്ള അന്തരീക്ഷം ഫംഗസ് വളര്‍ച്ച ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് തലച്ചൊറിച്ചില്‍, അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇത് മുടി കൊഴിച്ചിലിനൊരു ഘടകമാണ്. ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ മൈല്‍ഡ് ഷാംപൂ ഉപയോഗിക്കുക. നനഞ്ഞ മുടി ചീകുകയോ കെട്ടാനോ പാടില്ല. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കൊഴിച്ചിലിനും കാരണമാകും. പ്രോട്ടീന്‍, അയണ്‍, വിറ്റാമിന്‍ ഡി, ബയോട്ടിന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായകരമാണ്. മുട്ട, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, നട്‌സ്, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെളിച്ചെണ്ണ, ബദാം ഓയില്‍ തുടങ്ങിയവ ഉപയോഗിച്ച് തലയില്‍ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യും.
